പിറവത്ത് അടിക്കടി തകർന്ന് കുടിവെള്ള പൈപ്പുകൾ
1583015
Monday, August 11, 2025 4:58 AM IST
നട്ടംതിരിഞ്ഞ് ജനം
പിറവം: പിറവം മേഖലയില്‍ കുടിവെള്ള പൈപ്പുകള്‍ അടക്കടി പൊട്ടുന്നതില്‍ ദുരിതപ്പെട്ട് നാട്ടുകാര്‍. ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി ഭാഗങ്ങളിലാണ് പൈപ്പുപൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.
ടൗണിലെ ഓടകളുടെ സമീപത്തുകൂടി പോകുന്ന പൈപ്പുകള്‍ മിക്ക ഭാഗത്തും പൊട്ടിക്കിടക്കുകയാണ്. പമ്പിംഗ് ഇല്ലാത്ത സമയത്ത് ഇവയിലൂടെ മലിനജലം പൈപ്പിനുള്ളിലേക്ക് കയറും. പമ്പിംഗ് പുനരാരംഭിക്കുമ്പോള്‍ ഇത് കുടിവെള്ളത്തില്‍ കലരുകയുകയാണെന്നും പരാതിയുണ്ട്. വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇന്നലെ പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയുടെ മുന്നിലൂടെ പോകുന്ന പൈപ്പുപൊട്ടി കുടിവെള്ളം പുറത്തേക്ക് ഒഴുകുന്ന നിലയായിരുന്നു. നാട്ടുകാര്‍ ഇക്കാര്യം വിളിച്ചറിയിച്ചെങ്കിലും, മണിക്കൂറുകള്‍ക്കു ശേഷമാണ് ജല വിതരണം നിര്‍ത്തിയത്.
ഇതോടെ കൊച്ചുപള്ളിപ്പടി ഭാഗത്തെ കുടിവെള്ള വിതരണവും നിലച്ചിരിക്കുകയാണ്. പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.