എറണാകുളത്ത് പുതിയ ബസ് സ്റ്റാന്‍ഡ് ഉറപ്പുനല്‍കി ഗതാഗത മന്ത്രി
1582603
Sunday, August 10, 2025 4:44 AM IST
കൊച്ചി: വെള്ളക്കെട്ടും ശോച്യാവസ്ഥയും മൂലം യാത്രക്കാര്‍ വെറുത്ത എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെ പുനരുദ്ധരിക്കുമെന്ന വാഗ്ദാനവുമായി ഗതാഗതമന്ത്രി. സംസ്ഥാന ധനവകുപ്പിന്റെയും കൊച്ചി മെട്രോയുടെയും സഹായത്തോടെ 20 കോടി മുടക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതിയ ബസ് സ്റ്റേഷന് നിര്‍മിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
കെഎസ്ആര്‍ടിസി മാറ്റത്തിന്റെ പാതയിലാണ്. 108 കോടിയോളം രൂപ ചെലവഴിച്ച് 340 ആധുനിക ബസുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി ധനവകുപ്പില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. പുതിയ ബസുകള്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ കളക്ഷന്‍ എട്ടരക്കോടിയോളം രൂപയില്‍ എത്തിക്കാന്‍ കഴിയും.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്വേര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഡിജിറ്റലൈസേഷന് നടപ്പിലാക്കും. വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് കണ്സഷന് കാര്‍ഡുകള്‍ 21 ന് മുഖ്യമന്ത്രി കൈമാറുമെന്നും എറണാകുളം ബോട്ട് ജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ പുതിയ റീജണല്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി പറഞ്ഞു.
ഹൈബി ഈഡന് എംപി എംഎല്‍എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയും ടി.ജെ. വിനോദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകയും ഉള്‍പ്പടെ 1.6 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന് എംപി, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍,
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, സംസ്ഥാന ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എസ്. ഷഹീര്‍, കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷരായ സി.എ. ഷക്കീര്‍, ടി.കെ. അഷ്റഫ്, സീന ഗോകുലന്, മാലിനി കുറുപ്പ്, പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരിത്തറ, കൗണ്‍സിലര്‍ പദ്മജ എസ്. മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.