രാമമംഗലവും കേരഗ്രാമമായി
1582612
Sunday, August 10, 2025 4:52 AM IST
പിറവം: കൃഷി വകുപ്പ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരഗ്രാമ പദ്ധതിയിൽ രാമമംഗലം പഞ്ചായത്തിനെ ഉൾപ്പെടുത്തി. ജില്ലയിൽ ഇത്തവണ രണ്ടു പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൊന്നിലാണ് രാമമംഗലം പഞ്ചായത്തും ഉൾപ്പെട്ടിരിക്കുന്നത്.
100 ഹെക്ടർ സ്ഥലത്ത് 17,500 തെങ്ങുകൾ ഉണ്ടായിരിക്കണമെന്നാണ് ഇതിനുള്ള പ്രാഥമിക വ്യവസ്ഥ. പദ്ധതിയിലൂടെ സർക്കാരിന്റെ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. തെങ്ങിന്റെ തടം എടുക്കുന്നതിനും, മണ്ട നന്നാക്കി മരുന്നു തളിക്കുന്നതിനും വിദഗ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാകും. തെങ്ങിന് ആവശ്യമായ രാസ-ജൈവ വളങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്നതാണ്. ജലസേചനത്തിന് മോട്ടോർ, തെങ്ങു കയറുന്നതിനുള്ള യന്ത്രം എന്നിവയും സബ് സീഡി നിരക്കിൽ ലഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമം പദ്ധതി പ്രസിഡന്റ് വി.പി. ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിസ്ന ജോർജ് പദ്ധതിയേക്കുറിച്ച് വിശദീകരിച്ചു.