കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ജീപ്പ് കട്ടപ്പുറത്തായിട്ട് ഏഴ് വർഷം
1583019
Monday, August 11, 2025 4:58 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ജീപ്പ് അറ്റകുറ്റപ്പണി നടത്താതെ കട്ടപ്പുറത്തായിട്ട് ഏഴ് വര്‍ഷം. വർഷങ്ങൾക്കു മുമ്പ് ഓട്ടത്തിനിടെ തീയുയർന്ന ജീപ്പ് അറ്റകുറ്റപ്പണി നടത്താതെ കണ്ടം ചെയ്യാനായിരുന്നു അന്നത്തെ തീരുമാനം.
എന്നാല്‍ പിന്നീട് നടപടിക്രമങ്ങള്‍ പാലിക്കാതെ വന്നതോടെ അതിന് കഴിഞ്ഞില്ല. ലേലം ചെയ്തു വില്‍ക്കാനും ആലോചനയുണ്ടായെങ്കിലും അതും നടന്നില്ല. ഇതോടെ ബ്ലോക്ക് ജീപ്പ് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ ആരാലും തിരിഞ്ഞുനോക്കാതെ തുടരുകയായിരുന്നു.
2012 മോഡലായ ജീപ്പ് ആറു വര്‍ഷം മാത്രമാണ് ഉപയോഗിച്ചത്. അറ്റകുറ്റപ്പണി നടത്തിയാല്‍ വീണ്ടും ഓടിക്കാന്‍ കഴിയുമെന്ന് അന്നേ ചൂണ്ടികാണിക്കപ്പെട്ടിരുന്നെങ്കിലും ആ നിർദേശവും അവഗണിക്കപ്പെട്ടു.
മുന്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ജീപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ആരോപിച്ചു.