ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകണം: ശ്രേഷ്ഠ ബാവ
1583013
Monday, August 11, 2025 4:58 AM IST
കോലഞ്ചേരി: ക്രിസ്തുവിന്റെ ഭാവവും മനസും നമ്മിലുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിനെപ്പോലെ ജീവിക്കാനും ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുകയുള്ളൂവെന്ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാൻസർ, വൃക്ക രോഗികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി ആരംഭിച്ച ആശ്ലേഷം സാന്ത്വന പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ദൈവാശ്രയത്തോടെ ക്രിസ്തു ഭാവം സ്വീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാൻ നമുക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ചടങ്ങിൽ വികാരി ഫാ.തോമസ് പി. കോശി അധ്യക്ഷത വഹിച്ചു.