കോട്ടയം വഴിയുള്ള യാത്ര ദുരിതം : മെമുവിനായി മുറവിളി
1583005
Monday, August 11, 2025 4:46 AM IST
കൊച്ചി: കോട്ടയം വഴിയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് എറണാകുളത്ത് നിന്നും ഉച്ചക്ക് ശേഷം ഒരു മെമു സര്‍വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് മെമു ട്രെയിന്‍ വേണമെന്ന ആവശ്യവുമായാണ് റെയില്‍ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് രംഗത്തെത്തിയിട്ടുള്ളത്.
ഉച്ചക്ക് ശേഷം ഒരു മെമു സര്‍വീസ് വേണമെന്നത് കോട്ടയം വഴിയുള്ള യാത്രക്കാരുടെ വര്‍ഷങ്ങളയുള്ള ആവശ്യമാണ്. ചവിട്ടുപടിയിലും ടോയ്ലറ്റ് ഇടനാഴിയിലും ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞാണ് സ്ത്രീകളും വിദ്യാര്‍ഥികളും പ്രതിദിനം എറണാകുളത്ത് നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും കോട്ടയത്തുനിന്നുമൊക്കെ യാത്ര ചെയ്യുന്നത്.
ഉച്ചക്ക് 1.55ന്റെ പരശുറാമിന് ശേഷം എറണാകുളം ടൗണില്‍ നിന്നും 2.32ന് വിവേക് എക്സ്പ്രസ് ഉണ്ടെങ്കിലും ദീര്‍ഘ ദൂര ട്രെയിനായതിനാല്‍ പതിവായി വൈകിയാണ് എത്തുന്നത്. കൂടാതെ വിവേക് എക്സ്പ്രസിന് സ്റ്റോപ്പുകള്‍ വളരെ പരിമിതമായതിനാല്‍ വൈകുന്നേരം അഞ്ചിനുള്ള കേരള എക്സ്പ്രസും 5.20നുള്ള വേണാട് എക്സ്പ്രസുമാണ് യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത്. വലിയ തോതിലുള്ള തിരക്കാണ് ഈ ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്.
പരശുറാം കഴിഞ്ഞാല്‍ വൈകിട്ടുള്ള വേണാടിന് മാത്രമാണ് എറണാകുളം ജില്ലയില്‍ തൊഴില്‍ പരമായ ആവശ്യവുമായെത്തുന്ന യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന തൃപ്പൂണിത്തുറ സ്റ്റേഷനില്‍ സ്റ്റോപ്പുള്ളത്. വേണാടിന് ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് മറ്റു ട്രെയിനുകള്‍ ഇല്ലാത്തതും തൃപ്പൂണിത്തുറയില്‍ നിന്നും യാത്രക്കാര്‍ അപകടകരമായ സാഹചര്യത്തിലും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായി തീരുന്നു.
പരശുറാമിന് ശേഷം കോവിഡിന് മുമ്പ് ഉച്ചക്ക് 2.40 ന് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന മെമുവിന്റെ സമയം മാറ്റിയതാണ് യാത്രാക്ലേശം ഇരട്ടിയാക്കിയത്. എറണാകുളത്ത് നിന്ന് ഉച്ചക്ക് ശേഷം കൊല്ലം ഭാഗത്തേക്ക് ഒരു മെമു സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ നിലവിലെ യാത്രാക്ലേശം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പറയുന്നു.