ആലുവ: വ്യാപാര ശാലകളിലെ ജീവനക്കാരെ ഒരു സംഘം ഗൂഗിൾപേ തട്ടിപ്പിന് ഇരയാക്കുന്നതായി പരാതി. പണം നൽകുന്നതിന് പകരമായി ഗൂഗിൾ പേ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

വിശ്വാസം വരാനായി കടയിൽ നിന്ന് ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങുകയാണ് ആദ്യം ചെയ്യുക. പിന്നീടാണ് കോഴിക്കോട്ടാണ് വീടെന്നും റെയിൽവേ സ്റ്റേഷനിൽ ഗൂഗിൾപേ ഇല്ലാത്തതിനാൽ 500 രൂപതന്നാൽ ഗൂഗിൾ പേ ചെയ്യാമെന്നും പറഞ്ഞ് തുക ട്രാൻസ്ഫർ ചെയ്ത സന്ദേശം കാണിച്ച് മുങ്ങുന്നത്.

ചെറുപ്പക്കാരുടെ ആറംഗ സംഘമാണ് കൃത്യം നടത്തുന്നതെന്ന് പറയുന്നു. ടാസ് റോഡിലെ കടയിൽ തട്ടിപ്പ് നടത്തി മടങ്ങുന്ന ദ്യശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഫോൺ നമ്പർ ചേർത്ത് ആലുവ പോലീസിൽ പരാതി നൽകി.