മദ്യപശല്യവും അനധികൃത പാർക്കിംഗും : കോട്ടപ്പുറത്തെ ബിവറേജ് മാറ്റിസ്ഥാപിക്കണമെന്ന്
1583010
Monday, August 11, 2025 4:46 AM IST
ആലങ്ങാട് : ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ കോട്ടപ്പുറത്ത് സ്ഥിതിചെയ്യുന്ന ബിവറേജ് ഔട്ട്ലെറ്റിന്റെ സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു ചുറ്റും മദ്യപരുടെ ശല്യമെന്ന് പരിസരവാസികൾ. മദ്യം വാങ്ങാൻ എത്തുന്നവർ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി.
ആലുവ- പറവൂർ റോഡിൽ കോട്ടപ്പുറം മൃഗാശുപത്രിപ്പടി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമാണു ബിവറേജസ് ഔട്ട്ലറ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഒട്ടേറെ വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്.
രാവിലെ മുതൽ രാത്രി വരെ മദ്യം വാങ്ങാനെത്തുന്നവർ വാഹനങ്ങൾ റോഡരികിലും യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലത്തും നിർത്തിട്ടാണു മദ്യം വാങ്ങാൻ പോകുന്നത്. ഇതുമൂലം സ്ത്രീകൾക്കും കുട്ടികളുമടക്കമുള്ളവർക്കു ബസ് കാത്തു നിൽക്കാനും കഴിയാത്ത അവസ്ഥയാണെന്നാണു പരാതി.
പാർക്കിംഗ് അധികമാകുന്പോൾ മറ്റുള്ള വാഹനങ്ങൾക്കു റോഡിലൂടെ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.പലപ്പോഴും പ്രദേശത്തു വാക്കുതർക്കം ഉണ്ടാകാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇതു സമീപവാസികളായ ജനങ്ങളുടെ സൈര്യജീവിതത്തെ ബാധിക്കുന്നതായി പരാതിയുണ്ട്.
അനധികൃത പാർക്കിംഗ് മൂലം ഈ ഭാഗത്ത് അപകടങ്ങളും സംഭവിക്കുന്നുണ്ട്. കൂടാതെ രാത്രിയായാൽ സമീപവാസികളായ നാട്ടുകാർക്കു റോഡിലൂടെ നടക്കാനും ബുദ്ധിമുട്ടു നേരിടുന്നതായിപറയുന്നു.
കോട്ടപ്പുറം പൗരസമിതി നവകേരള സദസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബിവറേജസ് മാറ്റി സ്ഥാപിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.