ട്രേഡിംഗില്‍ നഷ്ടം : ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
1583001
Monday, August 11, 2025 4:35 AM IST
കൊച്ചി: ഷെയര്‍ ട്രേഡിംഗില്‍ നേരിട്ട സാമ്പത്തികനഷ്ടത്തില്‍ മനംനൊന്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോടനാട് കുറിച്ചിലക്കോട് സ്വദേശി വിജയന്റെ മകന് വിഷ്ണു കുമാറാണ് (35) മരിച്ചത്.കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.
ജൂലൈ 30ന് എറണാകുളം കണ്ടെയ്നര്‍ റോഡില്‍ കാറിനുള്ളില്‍ വിഷം കഴിച്ചനിലയിലാണ് വിഷ്ണുകുമാറിനെ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയാണ്. വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ട്രേഡിംഗിലേക്ക് തിരിഞ്ഞ വിഷ്ണുകുമാര്‍ വലിയ നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം. നഷ്ടം നേരിട്ടതോടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ എഴുതിവച്ചശേഷം കാറുമായി എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.
തുടര്‍ന്ന് കണ്ടെയ്നര്‍ റോഡരികില്‍വച്ച് വിഷം കഴിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തി പരിശോധനയിലാണ് കണ്ടയ്നര്‍ റോഡില്‍ മുളവുകാട് ഭാഗത്ത് ഇയാളെ കണ്ടെത്തിയത്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
അവിവാഹിതനാണ് വിഷ്ണുകുമാര്‍. മാതാവ് ബീന. ഒരു സഹോദരനും രണ്ടു സഹോദരിമാരുമുണ്ട്. സംസ്കാരം ഇന്നലെ മുണ്ടങ്ങാമറ്റം ശ്മശാനത്തില്‍ നടന്നു. സംഭവത്തില്‍ വിഷ്ണു സൈബര്‍ തട്ടിപ്പിനിരയായോ എന്ന് പോലീസ് പരിശോധിക്കും.