ലൈഫ് പദ്ധതി : ചൂർണിക്കരയിലെ പുറമ്പോക്ക് ഭൂമി സർവേ പുനരാരംഭിക്കുന്നു
1582614
Sunday, August 10, 2025 4:52 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിക്കായി കണ്ടെത്തിയ പുറമ്പോക്ക് ഭൂമിയിൽ സർവേ നടപടികൾ പുനരാരംഭിക്കണമെന്ന് ആലുവ തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. നടപടികൾ വേഗത്തിലാക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സുമായി ആലുവ താലൂക്ക് വിഭാഗം ബന്ധപ്പെട്ടതായും കക്ഷികൾക്ക് നോട്ടീസ് അയച്ചു തുടങ്ങിയതായും ലൈഫ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ദേശീയ പാതയ്ക്ക് സമീപം കമ്പനിപ്പടി മേഖലയിൽ പ്രവർത്തനം നിലച്ച സ്റ്റാൻഡേർഡ് പോട്ടറീസ് അനുബന്ധ ഭൂമികളിലും കൈവശ ഭൂമികളിലും സർവേനടത്തി പുറമ്പോക്കുകൾ കണ്ടെത്തി അതിരടയാളങ്ങൾ സ്ഥാപിക്കാനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം. ഭൂമികളിലെ കാട് വെട്ടിത്തെളിച്ച് ആധുനിക സങ്കേതങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ടോട്ടൽ സ്റ്റേഷൻ-ലേസർ സർവേ നടപടികളിലൂടെ പുറമ്പോക്കുകൾ, പുഴ പുറമ്പോക്കുകൾ തിട്ടപ്പെടുത്താനാണ് റവന്യൂ അധികാരികളോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഭൂരഹിതരായ 600ഓളം കുടുംബങ്ങളാണ് ചൂർണിക്കര പഞ്ചായത്ത് ലൈഫ്മിഷൻ പാർപ്പിട പദ്ധതിയിലുള്ളത്. ഇവർക്ക് ഭൂമി ലഭ്യമാക്കുന്നതിനാണ് പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്നത്.
കഴിഞ്ഞ വർഷം പുറമ്പോക്കുകൾ കണ്ടെത്തിയിരുന്നെങ്കിലും കാട് വെട്ടിത്തെളിക്കുന്നതിനായി റവന്യൂ അധികാരികളും പഞ്ചായത്തും നടപടി എടുത്തിരുന്നില്ല.
റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് ബോർഡ് സ്ഥാപിച്ച ശേഷം തുടർനടപടികൾ നിർത്തി വയ്ക്കുകയായിരുന്നു.