ടൈമര്‍ സെറ്റ് ചെയ്തു ചാറ്റിംഗ്; പരാതിയുമായി യുവതി
Saturday, August 23, 2025 1:11 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ഗുരുതര ആരോപണവുമായി മറ്റൊരു യുവതികൂടി രംഗത്ത്. വിവാഹ വാഗ്ദാനം നല്കി ലൈംഗിക ഉദ്ദേശ്യത്തോടെ തന്നെ സമീപിച്ചുവെന്നും പിന്നീട് വിവാഹത്തില്‍നിന്നു പിന്മാറിയെന്നും സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് യുവതിയുടെ ആരോപണം. ഇതു വ്യക്തമാക്കുന്ന സമൂഹമാധ്യമങ്ങളിലെ ചാറ്റുകളും ഇവര്‍ പുറത്തുവിട്ടു.
2023ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് രാഹുല്‍ ആദ്യം സന്ദേശം അയച്ചത്. പിന്നീട് ചാറ്റിംഗ് ടെലിഗ്രാമിലാക്കി. രാഹുല്‍ ചാറ്റിംഗിന് ടൈമര്‍ സെറ്റ് ചെയ്തിരുന്നു. വായിച്ചു കഴിഞ്ഞ് നിശ്ചിതസമയത്തിനുശേഷം മാഞ്ഞുപോകും വിധമാണിത്. പ്രണയാഭ്യര്‍ഥന നടത്തി.
പിന്നീട് വിവാഹവാഗ്ദാനവും. തുടര്‍ന്നാണ് ലൈംഗിക ഉദ്ദേശ്യ ത്തോടെ ഒന്നിലധികം തവണ സമീപിച്ചത്. അശ്ലീലസന്ദേശങ്ങളും അയച്ചു. ഒടുവിൽ വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
തനിക്കു സംഭവിച്ചത് മറ്റു പലര്‍ക്കും സംഭവിച്ചെന്ന് അറിഞ്ഞതോടെയാണ് തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു.
പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ ഐ ഡോണ്ട് കെയര്‍, ഹൂ കെയേഴ്സ് എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും യുവതി വ്യക്തമാക്കുന്നു.