മകനുമായി അമ്മ പുഴയിൽ ചാടിയ സംഭവം; റീമയുടെ അന്ത്യ സംസ്കാരത്തിനു ശേഷം മകൻ കൃഷീവ്രാജിന്റെ മൃതദേഹം കണ്ടെത്തി
1578015
Tuesday, July 22, 2025 10:24 PM IST
പഴയങ്ങാടി: അമ്മ റീമയുടെ അന്ത്യയാത്രയ്ക്ക് പിന്നാലെ മകൻ മൂന്നുവയസുകാരൻ കൃഷീവ് രാജിന്റെ (മൂന്ന്) മൃതദേഹം കണ്ടെത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3:45ന് ചെമ്പല്ലിക്കുണ്ട് പുഴയിലെ റെയിൽവേ പാലത്തിന് സമീപത്തെ കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് റീമ മകനെ അരയിൽ കെട്ടി വെങ്ങര ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയത്.
അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള തെരച്ചിലിനൊടുവിൽ റീമയുടെ മൃതദേഹം അന്ന് തന്നെ കണ്ടെത്തിയിരുന്നു. കുട്ടിക്കായി മൂന്നു ദിവസമായി നടത്തുന്ന തെരച്ചലിന് ഒടുവിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കണ്ടെത്തിയ ഇടത്തുനിന്ന് അല്പം മാറിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 11 ഓടെയാണ് അമ്മ റീമയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചത്. തെരച്ചലിൽ പയ്യന്നൂർ ഫയർഫോഴ്സും സ്കൂബ ടീമും മത്സ്യത്തൊഴിലാളികളും പങ്കെടുത്തിരുന്നു.