കേരള ക്രിക്കറ്റ് ലീഗിലേക്ക് കണ്ണൂരിന്റെ താരങ്ങൾ
1578130
Wednesday, July 23, 2025 2:02 AM IST
കണ്ണൂർ: കണ്ണൂരിൽനിന്ന് ഇത്തവണയും കേരള ക്രിക്കറ്റ് ലീഗിലേക്ക് താരങ്ങൾ. സൽമാൻ നിസാറിനെയും അക്ഷയ് ചന്ദ്രനെയും ടീമുകൾ നിലനിർത്തിയപ്പോൾ വരുൺ നായരെ തൃശൂർ ലേലത്തിലൂടെ സ്വന്തമാക്കി. എം.പി. ശ്രീരൂപ്, മുഹമ്മദ് നാസിൽ, അർജുൻ നന്പ്യാർ എന്നിവരാണ് രണ്ടാം സീസണിൽ കണ്ണൂരിൽ നിന്ന് കെസിഎലിലേക്കുള്ള മറ്റുള്ളവർ.
കഴിഞ്ഞ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ് സൽമാൻ നിസാർ. 12 മത്സരങ്ങളിൽനിന്ന് നാല് അർധസെഞ്ചുറികളടക്കം 455 റൺസുമായി സീസണിലെ ടീമിന്റെ ടോപ് സ്കോററായിരുന്നു. തുടർന്നുള്ള രഞ്ജി സീസണിലും മികച്ച ഫോം കാഴ്ചവച്ച സൽമാൻ നിസാറിനെ ചുറ്റിപ്പറ്റിയാണ് ഈ സീസണിലും ടീമിന്റെ പ്രതീക്ഷകൾ. അഞ്ചുലക്ഷം രൂപയ്ക്കാണ് സൽമാനെ ടീം നിലനിർത്തിയത്.
ജില്ലയിൽനിന്ന് തന്നെയുള്ള അക്ഷയ് ചന്ദ്രനെ ആലപ്പി റിപ്പിൾസ് നിലനിർത്തിയതും അഞ്ചുലക്ഷം രൂപയ്ക്കാണ്. ഒരുപതിറ്റാണ്ടായി കേരള ടീമിലെ സ്ഥിരസാന്നിധ്യമായ അക്ഷയ് ബാറ്റിംഗിനൊപ്പം ഇടംകൈയൻ സ്പിന്നർ എന്ന നിലയിലും ടീമിനു മുതൽക്കൂട്ടാണ്. ആദ്യസീസണിൽ തൃശൂരിനായി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് വരുൺ നായനാർ. 3.20 ലക്ഷത്തിനാണ് തൃശൂർ ഇത്തവണയും വരുണിനെ നിലനിർത്തിയത്. അർജുൻ സുരേഷ് നന്പ്യാർ, സി.ടി.കെ. മുഹമ്മദ് നാസിൽ, എം.പി. ശ്രീരൂപ് എന്നിവർക്ക് ഇത് ലീഗിലെ ആദ്യ സീസണാണ്. മൂവരെയും ആലപ്പി റിപ്പിൾസാണ് ഏറ്റെടുത്തത്.