പാൽച്ചുരത്ത് ഗതാഗതം പുനഃസ്ഥാപിച്ചു
1578135
Wednesday, July 23, 2025 2:02 AM IST
കൊട്ടിയൂർ: ബോയ്സ് ടൗൺ ചുരം പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗതടസം പുനഃസ്ഥാപിച്ചു. റോഡിലേക്ക് പതിച്ച കല്ലും മണ്ണും നീക്കം ചെയ്താണ് പാത ഗതാഗത യോഗ്യമാക്കിയത്. റോഡ് യാത്രായോഗ്യമാക്കി എന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ കളക്ടർ യാത്രാ വിലക്ക് നീക്കിയത്. എന്നാൽ രാത്രികാല യാത്രാനിരോധനം തുടരും.
രണ്ടു ദിവസങ്ങളിലായി ജെസിബികൾ, പാറ പൊട്ടിക്കുന്നതിനുള്ള യന്ത്രങ്ങൾ, ടിപ്പർ ലോറികൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും നീക്കം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയിൽ, ജോണി ആമക്കാട്ട്, പൊതുപ്രവർത്തകൻ റെജി കന്നുകുഴി തുടങ്ങിയവർ പ്രവർത്തികൾക്ക് നേതൃത്വം നല്കി. പാൽച്ചുരം പാത യാത്ര തടസപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.