ആക്രി സാധനങ്ങളിൽ സ്കൂട്ടർ നിർമിച്ച് എട്ടാം ക്ലാസുകാരൻ
1578133
Wednesday, July 23, 2025 2:02 AM IST
ശ്രീകണ്ഠപുരം: കുഞ്ഞിളം മനസിൽ കുന്നോളം മോഹങ്ങൾ കാണും. അവയിൽ ഒളിഞ്ഞിരിക്കുന്നത് പലതും നടക്കില്ലെന്ന് അറിഞ്ഞിട്ടും പിന്തുണയ്ക്കാൻ ആളുണ്ടെങ്കിൽ എൻജിനിയറിംഗ് മികവ് കൈവരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീകണ്ഠപുരം നഗരസഭയിലെ ചെരിക്കോട് അങ്കണവാടിക്ക് സമീപത്തെ ഓട്ടോ ഡ്രൈവറായ തലക്കൽ ഷിബു- ബീന ദമ്പതിമാരുടെ ഇളയമകൻ ഏബൽ.പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഏബൽ.
എട്ടുവയസുള്ളപ്പോൾ തെങ്ങിന്റെ മടലും ചിരട്ടയും ഉപയോഗിച്ച് മണ്ണുമാന്തി യന്ത്രം നിർമിച്ചതോടെ അവന്റെ എൻജിനിയറിംഗ് മികവ് ആദ്യം വീട്ടുകാർക്ക് മനസിലായില്ല. പിന്നെ തകരാറിലായ ടോർച്ചും മിക്സിയും നിമിഷനേരം കൊണ്ട് ശരിയാക്കിയതോടെ വീട്ടിലെ കൊച്ചു താരമായി. പുതിയ സൈക്കിൾ വാങ്ങിയത് സ്വയം റിപ്പയർ ചെയ്തതറിഞ്ഞ് പരിസരത്തെ കൂട്ടുകാരും സൈക്കിൾ നന്നാക്കാനെത്തിയതും നാട്ടിൽ വൈറലായി.
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ വാഹനങ്ങളോടും വാഹനയന്ത്രഭാഗങ്ങളോടും പ്രത്യേക കമ്പം തോന്നിത്തുടങ്ങി. ഷിബുവിന്റെ ബൈക്ക് തകരാറിലായപ്പോൾ മടമ്പത്തെ മെക്കാനിക്ക് എത്തും മുമ്പേ ശരിയാക്കി കാണിച്ചപ്പോൾ അദ്ഭുതമായി. പിന്നീട് ഏബൽ കൊച്ചു കൊച്ചു പരീക്ഷണത്തിലേക്ക് കടന്നു. കഴിഞ്ഞവർഷം മടമ്പത്ത് വച്ച് ഏബലിനെ അനുമോദിച്ചപ്പോൾ അലക്സ് നഗർ ഫൊറോന വികാരി ഫാ. തോമസ് വട്ടക്കാട്ടും മടമ്പം വികാരി ഫാ. സജി മെത്താനത്തും അടുത്ത ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോഴാണ് ഒരു കാറ് നിർമിക്കണമെന്ന മോഹം പങ്കുവച്ചത്.ആക്രിക്കാർക്ക് കൊടുക്കാൻ വച്ച സാധനമൊക്കെ മാറ്റിവയ്ക്കുന്ന സ്വഭാവം ഏബലിനുണ്ടായിരുന്നു. ആദ്യം എല്ലാം തമാശയായിക്കണ്ട വീട്ടുകാർ പിന്നീട് മകനെ പ്രോത്സാഹിപ്പിച്ചു.
ഇപ്പോൾ പിതാവിന്റെ ബൈക്കിന്റെ യന്ത്രഭാഗങ്ങൾ അഴിച്ചെടുത്ത് പുതിയ കാറിന് ജന്മം നൽകിയിരിക്കുകയാണ്. ഇതിന് ആവശ്യമായ മറ്റ് സാമഗ്രികൾ ആക്രിക്കടയിൽ ചെന്നാണ് ശേഖരിച്ചത്. പുതിയ കാർ വീട്ടു മുറ്റത്തുകൂടി ഏബൽ തലങ്ങും വിലങ്ങും ഓടിച്ചതോടെ കൂട്ടുകാരും നാട്ടുകാരും സമീപദേശങ്ങളിലുള്ളവരും കാണാനും അഭിനന്ദിക്കാനുമെത്തി.
ഗിയർ സൈക്കിളിലും കൈവച്ച് മാറ്റം വരുത്തി. എവിടെയെങ്കിലും പഴയ വണ്ടികളും ആക്രി സാധനങ്ങളും കൊടുക്കാനുണ്ടെന്നറിഞ്ഞാൽ ഏബൽ പിതാവിനെയും കൂട്ടി അവിടെച്ചെന്ന് സ്വന്തമാക്കിയിരിക്കും. പിന്നെ പുതിയൊരു വസ്തു പിറക്കും. തകരാറിലായ ഫാൻ ഉപയോഗിച്ച് ടൈൽ മുറിക്കുന്ന യന്ത്രമുണ്ടാക്കി. തേങ്ങ ചിരകുന്ന ഉപകരണവും ഉണ്ടാക്കിയിട്ടുണ്ട്. ആദ്യമേ എൻജിനുകളിലും മറ്റും വല്ലാത്ത താത്പര്യമുണ്ടായിരുന്നു.
പിന്നെ ഗുഗിളിൽ കണ്ടും ഇത്തരം നിർമാണങ്ങളിലേക്ക് എത്തുകയായിരുന്നു. ശാസ്ത്രജ്ഞനാകാനാണ് ഏബലിന് താല്പര്യം. അല്ലെങ്കിൽ എൻജിനിയർ. മാതാപിതാക്കളോടൊപ്പം സഹോദരങ്ങളായ പ്ലസ് ടു കഴിഞ്ഞ സഹോദരി എയ്ഞ്ചലും പത്താം ക്ലാസുകാരൻ അജലും അധ്യാപകരും പിന്തുണയുമായി ഒപ്പമുണ്ട്. സ്കൂൾ സമയം കഴിഞ്ഞാൽ വീട്ടിലെ മുറ്റം നിറയെ കാറോടുകയാണ്. അതിനൊപ്പം കാറിനെ മോടി പിടിപ്പിക്കാനുളള തയാറെടുപ്പിലാണ് കൊച്ചുമിടുക്കൻ.