പുഴയിലേക്ക് ഇടിഞ്ഞ റോഡ് അപകടാവസ്ഥയിൽ
1578127
Wednesday, July 23, 2025 2:02 AM IST
ഇരിട്ടി: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ കുയിലൂർ പൊതിനിരങ്ങിയ വളവിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിൽ. ഹെയർപിൻ വളവും ഇറക്കവും ചേരുന്ന ഭാഗത്താണ് പുഴയിൽ നിന്ന് റോഡിന്റെ അടിവശം മീറ്ററുകളോളം ദൂരത്തിൽ ഇടിഞ്ഞത്.
ഇടിഞ്ഞ ഭാഗം കാട് കയറിയതിനാൽ അപകടാവസ്ഥ ആരുടെയും ശ്രദ്ധയിൽപ്പെടില്ല. സുരക്ഷാവരയോട് ചേർന്നു വരെ റോഡ് പുഴിയിലേക്ക് ഇടിഞ്ഞ നിലയിലാണ്. വാഹനങ്ങൾ പരസ്പരം സൈഡ് നൽകുമ്പോഴും കാൽനട യാത്രക്കാരും അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
നിരവധി വളവുകളുള്ള റോഡിൽ ഇരുവശത്തും കാട് കയറിമൂടിയതും കൂടുതൽ അപകടത്തിന് കാണമാകുന്നു. റോഡ് പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് അപകട സൂചനാബോർഡും ബാരിക്കേഡും അധികൃതർ സ്ഥാപിച്ചിട്ടില്ല. അപകടാവസ്ഥയിലായ ഭാഗത്ത് അടിയന്തരമായി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.