മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ആയുർവേദ മേഖല അടിത്തറയാകും: നോംടോ ഓപ്പൺ ഫോറം
1578123
Wednesday, July 23, 2025 2:02 AM IST
കണ്ണൂർ: മലബാറിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആയുർവേദ മേഖല അടിത്തറയായി മാറുമെന്ന് നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംടോ) ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. ഇടൂഴി വൈദ്യർ ഡോ. ഐ. ഭവദാസൻ നമ്പൂതിരിയുടെ വൈദ്യപൂർണിമ ശതാഭിഷേകത്തിന്റെ ഭാഗമായാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷനും സംയുക്തമായി "മലബാറിന്റെ ആയുർവേദ സാധ്യതകൾ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്.
ആയുർവേദ മെഡിക്കൽ ടൂറിസം തേടി സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകുമ്പോഴും മലബാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്താത്തതിനുള്ള പരിഹാര മാർഗങ്ങളും ഓപ്പൺ ഫോറം ചർച്ച ചെയ്തു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതും ദേശീയപാത നിർമാണം പുരോഗമിക്കുന്നതും ആയൂർവേദ മേഖലയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുമെന്നും ഓപ്പൺ ഫോറം വിലയിരുത്തി.
മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ.വി. സുമേഷ് എംഎൽഎ വിശിഷ്ടാതിഥിയായിരുന്നു. കെ.കെ. മാരാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ, കെ. ബാലകൃഷ്ണൻ, സി. അനിൽകുമാർ, ഡോ. പി.എം. മധു, ഡോ. ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. പി.പി. അന്ത്രു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നോംടോ വൈസ് പ്രസിഡന്റ് ടി.വി. മധുകുമാർ മോഡറേറ്ററായിരുന്നു. ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, കെ.കെ പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.