ഇരിട്ടി പാലം സിഗ്നലിൽ ജനകീയ സമിതി ബാരിക്കേഡുകൾ സ്ഥാപിക്കും
1578125
Wednesday, July 23, 2025 2:02 AM IST
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ റോഡിൽ ഇരിട്ടി പാലം സിഗ്നലിന് സമീപം അപകടങ്ങൾ പതിവായ സ്ഥലത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതു കാരണം വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടം പതിവായതോടെയാണ് പായം പഞ്ചായത്തും ഇരിട്ടി പോലീസും ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ബാരിക്കേഡ് സ്ഥാപിക്കുന്നത്.
മരിയൻ എൻജിനിയറിംഗ് എന്ന സ്ഥാപനമാണ് ബാരിക്കേഡ് നിർമിച്ചു നൽകുന്നത്. വാഹനങ്ങൾക്ക് ദൂരെ നിന്നുതന്നെ ഡിവൈഡർ തിരിച്ചറിയാൻ ബാരിക്കേഡിന് ഇരുവശവും റിഫ്ലക്ടർ ഉൾപ്പെടെ സ്ഥാപനം നിർമിച്ചു നൽകും.
മഴ ആരംഭിച്ചതോടെ മേഖലയിൽ അപകടം പതിവാകുകയും ഡിവൈഡറിനു മുകളിലൂടെ വാഹനം കയറിയുറങ്ങി പൂർണമായും തകരുകയും ചെയ്തിരുന്നു. മാസങ്ങളായി തകർന്നുകിടക്കുന്ന ഡിവൈഡർ നേരെയാക്കാൻ പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് ജനകീയമായി ബാരിക്കേഡ് തീർക്കുന്നത്.
ഇവിടെ അപകടം പതിവായതോടെ സമീപത്തെ കെട്ടിട ഉടമ പ്രതിഷേധ സൂചകമായി ഡിവൈഡറിന് മുകളിൽ ചെടി നട്ട് പ്രതിഷേധിച്ചിരുന്നു. എന്നിട്ടും, വാഹങ്ങൾക്ക് മുന്നറിയിപ്പ് നല്കാൻ റിബൺ പോലും കെട്ടാതിരുന്നത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചയാണ്.
ബാരിക്കേഡ് നിർമിക്കണ്ടേ സ്ഥലം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് വിനോദ്കുമാർ, പഞ്ചായത്ത് അംഗം പി. ഷാജിത്, ഇരിട്ടി പോലീസ് സ്റ്റേഷൻ എസ്ഐമാരായ എം.ജെ. ബെന്നി, അശോകൻ, എഎസ്ഐമാരായ ഷാജി, ബൈജു ബാരിക്കേഡ് നിർമിച്ച് നൽകുന്ന സ്ഥപന ഉടമ മരിയൻ ജോളി എന്നിവർ പരിശോധിച്ചു. ഒരാഴ്ചക്കുള്ളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.