കർക്കടക വാവുബലി: സ്നാന ഘട്ടങ്ങളിൽ ഫയർ ഫോഴ്സ് സുരക്ഷാ പരിശോധന നടത്തി
1578331
Thursday, July 24, 2025 12:51 AM IST
ഇരിട്ടി: ഇരിട്ടി മേഖലയിൽ കർക്കടക വാവുബലി നടക്കുന്ന ക്ഷേത്രങ്ങളിലെ സ്നാന ഘട്ടങ്ങളിൽ ഫയർ ഫോഴ്സ് സുരക്ഷാ പരിശോധന നടത്തി. അപേക്ഷ നൽകിയ ക്ഷേത്രങ്ങളിൽ ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധർ സിവിൽ ഡിഫൻസ് വോളന്റിയർമാർ തുടങ്ങിയവർ സുരക്ഷ ഒരുക്കും.
വാവുബലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ക്ഷേത്രങ്ങളിൽ ഭക്തരുടെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫയർ ഫോഴ്സ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ സംഘാടകരോട് ആവശ്യപ്പെട്ടത്. കീഴൂർ മഹാദേവ ക്ഷേത്ര സ്നാനഘട്ടിൽ സുരക്ഷയ്ക്ക് ഫയർ ഫോഴ്സ് ബോട്ടും മറ്റ് സ്ഥലങ്ങളിൽ മുങ്ങൽ വിദഗ്ദധർ അടക്കമുള്ള സംവിധാനങ്ങളുമാണ് ഒരുക്കുന്നത്.
പുഴയോടു ചേർന്ന് സ്നാനഘട്ടങ്ങൾ ഉള്ള ക്ഷേത്രങ്ങളിൽ കൂടുതൽ മുൻകരുതൽ ഏർപ്പെടുത്തണമെന്ന് ഫയർഫോഴ്സ് നിർദേശിച്ചു. അപകട സാധ്യത ഏറിയ സ്ഥലങ്ങളിൽ വേലി കെട്ടി, തിരക്ക് നിയന്ത്രിക്കുന്നതിനും നിർദേശം നൽകി. ഭക്തർക്ക് പുഴയിൽ ഇറങ്ങിച്ചെല്ലാവുന്ന ദൂരം കണക്ക് കുട്ടി അത്രയും അകലത്തിൽ വേലി കെട്ടി തിരിക്കണം. ബലി തർപ്പണത്തിന് എത്തുന്ന ഭക്തർ കൂട്ടത്തോടെ സ്നാനഘട്ടങ്ങളിൽ ഇറങ്ങാതിരിക്കാനായി ഭക്തരെ ബാച്ചുകളായി തിരിച്ച് വേണം ബലി തർപ്പണത്തിന് സൗകര്യം ഒരുക്കാൻ എന്നും നിർദേശിച്ചു.
കീഴൂർ മാഹാദേവ -മഹാവിഷ്ണു ക്ഷേത്രം, വയത്തൂർ കാലിയാർ ക്ഷേത്രം, പയ്യാവൂർ വാസവപുരം ക്ഷേത്രം എന്നിവിടങ്ങളിൽ ക്ഷേത്രം ഭാരവാഹികളുടെ അപേക്ഷയെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സുരക്ഷ വിലയിരുത്തി. അസിസ്റ്റന്റ് ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജോബി മാത്യു, എൻ.ജി. അശോകൻ, ഇ.ജെ. മത്തായി, എം.സി. രാധാകൃഷ്ണൻ, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
17 സിവിൽ ഡിഫൻസ് വോളന്റിയർമാരും 10 ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്ക് നേതൃത്വം നൽകും.