അശാസ്ത്രീയ മാലിന്യ സംസ്കരണം; ഹോട്ടലുകൾക്ക് പിഴ ചുമത്തി
1578863
Saturday, July 26, 2025 1:23 AM IST
തളിപ്പറമ്പ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് ഏഴാം മൈലിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടൽ ചെമ്പരത്തി ഗാർഡൻ, ഹജ്മുസ് കൺവൻഷൻ സെന്റർ, സേഫ് ഗാർഡ് കോംപ്ലക്സ്, സഫ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് 27,500 രൂപ പിഴ ചുമത്തി.
ഹോട്ടൽ ചെമ്പരത്തി ഗാർഡനിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിലെ ബാറിലും അടുക്കളയിലും പരിസരപ്രദേശങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടി ഇട്ടിരിക്കുന്നതായും ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 7500 രൂപ പിഴ ചുമത്തി. ഹജ്മുസ് കൺവൻഷൻ സെന്ററിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ അടുക്കളയുടെ പുറകിൽ ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടത് കണ്ടെത്തിയതിനെ തുടർന്നു സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. ഏഴാം മൈലിലെ സേഫ് ഗാർഡ് കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പിന്നിൽ വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിനും കൂട്ടിയിട്ടതിനും പരിസര മലിനീകരണം നടത്തിയതിനും കെട്ടിട ഉടമയ്ക്ക് 10,000 രൂപയും കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന സഫ ഹോട്ടലിലെ മാലിന്യങ്ങൾ പ്രദേശത്ത് കൂട്ടിയിട്ട് കത്തിച്ചതിന് ഹോട്ടലിന് 5000 രൂപയും സ്ക്വാഡ് പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി. സ്ക്വാഡ് അംഗം അലൻബേബി, സി.കെ. ദിബിൽ, തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനറാണി തുടങ്ങിയവർ പങ്കെടുത്തു.