ഗ്യാസ് ടാങ്കറിലെ ഇന്ധനം മാറ്റിത്തുടങ്ങി
1578857
Saturday, July 26, 2025 1:23 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ ദേശീയപാതയോരത്തെ കുഴിയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പാചകവാത ടാങ്കര്‍ ലോറി ഉയര്‍ത്തി ഇന്ധനം മറ്റു ടാങ്കറുകളിലേക്ക് മാറ്റിത്തുടങ്ങി. ഇന്നലെ രാവിലെ തളിപ്പറമ്പ് കുപ്പത്തു നിന്ന് ഖലാസികള്‍ എത്തി ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവെ ക്രെയിന്‍ വാള്വില്തട്ടി ഇന്ധനചോര്ച്ചയുണ്ടായത് ആശങ്ക പരത്തിയിരുന്നു. എന്നാല്‍ മംഗളൂരുവില്‍ നിന്നുമെത്തിയ എച്ച്പിസിഎല്‍ പ്രത്യേക സംഘം ചോര്‍ച്ച അടച്ചതോടെ ആശങ്ക ഒഴിവായി.
കണ്ണൂര്‍ ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കറിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കാസര്‍ഗോഡ്, ഉപ്പള, കുറ്റിക്കോല്‍ നിലയങ്ങളില്‍ നിന്നായി ഏഴു ഫയര്‍ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, എഡിഎം പി.അഖില്‍, ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫീസര്‍ ദിലീഷ്, ആര്‍ഡിഒ ഇന്‍ ചാര്‍ജ് ബിനു ജോസഫ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി.സുരേഷ്ബാബുഎന്നിവര് സംഭവസ്ഥലത്തെത്തി.
വൈകുന്നേരത്തോടെ ടാങ്കര്‍ ഉയര്‍ത്തി. പിന്നീട് ടാങ്കര്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായിരുന്ന ഐങ്ങോത്തെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. രാത്രിയോടെ ടാങ്കറിലെ പാചകവാതകം മറ്റു മൂന്നു ടാങ്കറുകളിലേക്ക് മാറ്റാന്‍ തുടങ്ങി. പാചകവാതകം പൂര്‍ണമായും മാറ്റാന്‍ നാലു മുതല്‍ ഏഴു മണിക്കൂര്‍ വരെ സമയമെടുക്കുമെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കു 12ഓടെയാണ് സ്വകാര്യബസിന് സൈഡ് കൊടുക്കവെ ടാങ്കര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് വീണത്. അപകടം നടന്നയുടന്‍ തന്നെ അധികൃതര്‍ ശക്തമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെയുള്ള വാഹന ഗതാഗത നിരോധനം ഇന്നു രാവിലെ വരെ തുടരും. ടാങ്കറിൽ നിന്ന് മറ്റു ടാങ്കറുകളിലേക്ക് ഗ്യാസ് റീഫില്‍ ചെയ്തതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ. വൈദ്യുതിയും ഇന്നു രാവിലെ മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂ.