ആറളം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി
1578870
Saturday, July 26, 2025 1:24 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ വാർഡ് വിഭജനത്തിലും കരട് വോട്ടർ പട്ടികയിലും കണ്ടെത്തിയ അപാകതകളിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ക്രമക്കേടുകൾ പരിഹരിച്ചില്ലെങ്കിൽ പഞ്ചയാത്ത് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ജനസംഖ്യക്ക് ആനുപാതികമായി വാർഡുകളിലെ വോട്ടർമാരെ ഓരോ വാർഡിലും വേണമെന്ന് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ.ആറളം ഫാം കോട്ടപ്പാറ വാർഡിൽ 250 വോട്ടുകളാണുള്ളത്. സമീപ വാർഡുകളിൽ 1900വും 1500 വോട്ടുകൾ ഉള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. ആറളം ഫാം രണ്ടായി വിഭജിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ അതിർത്തികൾ പോലും നോക്കാതെ ഫാമിലെ വോട്ടർമാരെ കിലോമീറ്റർ അകലെയുള്ള ചതുരൂർ, കീഴ്പള്ളി, വിയറ്റ്നാം വാർഡുകളിലേക്ക് കുത്തിനിറച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് യുഡിഎഫ് അറിയിച്ചു.
നേതാക്കളായ കെ. വേലായുധൻ, പി.കെ. മാമു ഹാജി, വി.ടി. തോമസ്, ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, തോമസ് തയ്യിൽ,അബ്ദുൾ റസാഖ്, റയ്ഹാനത്ത് സുബി, അരവിന്ദൻ, വി.ടി. ചാക്കോ, എൽ. മുഹമ്മദ്, വി. ശോഭ, വത്സ ജോസ്, ജോസ് അന്ത്യാകുളം, എ.കെ. ജോർജ്, കെ.എം. പീറ്റർ, സുരേന്ദ്രൻ, കെ.ജെ. ജോസഫ്, അബ്ദുൾ നാസർ, ജെസി ഉമ്മിക്കുഴി, ബിജു കുറ്റിക്കാട്ടിൽ, സജി കൂറ്റനാൽ എന്നിവർ പ്രസംഗിച്ചു.