ധന്യ സിസ്റ്റർ സെലിൻ സഹനങ്ങളെ സ്നേഹത്താൽ അതിജീവിച്ച മഹത്വ്യക്തി: ഡോ. ഡെന്നിസ് കുറുപ്പശേരി
1578873
Saturday, July 26, 2025 1:24 AM IST
കണ്ണൂർ: പരാതികളോ പരിഭവങ്ങളോ കൂടാതെ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും യേശുവിനായി സമർപ്പിച്ച മഹത്വ്യക്തിയായിരുന്നു ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി. ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ 68-ാം ചരമവാർഷിക ദിനമായ ഇന്നലെ പയ്യാന്പലം ഉർസുലൈൻ പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന പ്രാർഥനയ്ക്കും അനുസ്മരണ ദിവ്യബലിക്കും ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്.
സഹനങ്ങളെ സ്നേഹത്താൽ അതിജീവിക്കാൻ കഴിഞ്ഞതാണ് സിസ്റ്റർ സെലിനെ വ്യത്യസ്തയാക്കുന്നത്. ശാശ്വതമായ ആരാധനയുടെയും അനസ്യൂതമായ പ്രാർഥനയുടെയും നിരന്തര സഹനത്തിന്റെ പര്യായമായിരുന്നു അവരുടെ ജീവിതം.
ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സമർപ്പിതർ ഇന്ന് നിരന്തര പ്രാർഥനയിലും സത്യത്തിലും വിശുദ്ധിയിലും ആയിരിക്കണമെന്ന് ധന്യയായ സെലിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നുവെന്നും ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. കണ്ണൂർ രൂപത വികാരി ജനറാൾ മോണ്‍. ഡോ. ക്ലാരൻസ് പാലിയത്ത്, പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫൊറോന വികാരി ഫാ. ആൻസിൽ പീറ്റർ, ഉറുസുലൈൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ പുരയിടത്തിൽ, രൂപതയിലെ വൈദികർ, സന്യസ്തർ, അൽമായ പ്രതിനിധികൾ, ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ബന്ധുക്കൾ, വിവിധ ഇടവകകളിലെ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.