പള്ളിക്കുന്നിൽ കാർ ടാങ്കർ ലോറിയിലിടിച്ച് തകർന്നു; പയ്യാവൂർ സ്വദേശിക്ക് പരിക്ക്
1578337
Thursday, July 24, 2025 12:51 AM IST
പള്ളിക്കുന്ന്: കണ്ണൂർ-തളിപ്പറന്പ് റൂട്ടിൽ പള്ളിക്കുന്ന് ദേശീയ പാതയിൽ കാർ ടാങ്കർ ലോറിയിലിടിച്ചു തകർന്നു. കാർ യാത്രികനായ വിമുക്ത ഭടന് പരിക്കേറ്റു. പയ്യാവൂർ സ്വദേശിയും നാറാത്ത് താമസക്കാരനുമായ ഷാജിക്കാണ് (56) പരിക്കേറ്റത്. ഇന്നലെ രാവിലെ 8.15 ഓടെ പള്ളിക്കുന്ന് രാഷ്ട്രദീപിക ഓഫീസിന് സമീപമായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സാൻട്രോ കാർ ടാങ്കർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിലും എതിരേ വന്ന മറ്റൊരു വാഹനത്തിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റ ഷാജിയെ ആദ്യം കണ്ണൂർ ഏകെജി ആശുപത്രിയിലും പിന്നീട് തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയും അഗ്നിരക്ഷാ സേന റോഡിലെ ഓയിൽ വെള്ളം ചീറ്റി വൃത്തിയാക്കുകയും ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.