ഓണം വിപണി ലക്ഷ്യമിട്ട് ഖാദിയുടെ ഡിസൈനർ വസ്ത്രങ്ങൾ
1578869
Saturday, July 26, 2025 1:24 AM IST
കണ്ണൂർ: ഖാദി വസ്ത്രങ്ങൾ കൂടുതൽ ജനപ്രിയമാക്കാനും കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പ്രചാരം ലഭിക്കുവാനും ഡിസൈനർ വസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും ഖാദി പട്ട് സാരികളുമെല്ലാം ഇത്തവണത്തെ ഓണം വിപണിയിലുണ്ടാകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. "എനിക്കും വേണം ഖാദി' എന്ന ഓണംമേള ഖാദി പ്രചാരണ കാമ്പയിനിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചാരക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ നാലു വരെയാണ് "എനിക്കും വേണം ഖാദി' കാമ്പയിൻ ജില്ലയിൽ നടക്കുക. പുതിയ തലമുറയെ ഖാദിയിലേക്ക് ആകർഷിക്കുന്നതിനായി ഡിസൈനർ ഷർട്ട്, ചുരിദാർ, ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, ഖാദി കസവ് സാരികൾ, വെസ്റ്റേൺ വെയേഴ്സ്, സ്ലിംഗ് ബാഗുകൾ തുടങ്ങിയവ വിതരണത്തിനുണ്ടാകും.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പയ്യന്നൂർ ഖാദി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. കൃഷ്ണൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ്, ലീഡ് ബാങ്ക് മാനേജർ ഡോ. കെ.എസ്. രഞ്ജിത്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി. ഷിബു, ഖാദി പ്രോജക്ട് ഓഫീസർ ഷോളി ദേവസി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.