ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനത്തിൽ ആലക്കോട് ഡിവിഷൻ ഇല്ലാതായി
1578861
Saturday, July 26, 2025 1:23 AM IST
ആലക്കോട്: ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനത്തിൽ നിലവിലുണ്ടായിരുന്ന ആലക്കോട് ഡിവിഷൻ ഇല്ലാതായി. നിലവിലുണ്ടായിരുന്ന 24 വാർഡുകളുടെ എണ്ണം ഒന്ന് വർധിച്ച് 25 ആയി ഉയർന്നപ്പോൾ വർഷങ്ങളായി നിലവിലുണ്ടായിരുന്ന ആലക്കോട് ഡിവിഷൻ ഇല്ലാതാക്കുകയായിരുന്നു.
ഇതിനെതിരെ മലയോരത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫിന് മുൻതൂക്കമുള്ള ഡിവിഷനാണ് വെട്ടിമുറിച്ച് ഇല്ലാതാക്കിയത്.
ആലക്കോട് ഇല്ലാതായപ്പോൾ മാതമംഗലം ഡിവിഷനാണ് പുതിയതായി രൂപീകരിച്ചിരിക്കുന്നത്. നേരത്തെ മാതമംഗലം ഡിവിഷൻ നിലവിലുണ്ടായിരുന്നു. എൽഡിഎഫാണ് ഇവിടെ വിജയിച്ചിരുന്നത്. പിന്നീടാണ് ആലക്കോട് ഡിവിഷൻ രൂപീകരിച്ചത്. ഇതോടെ ഡിവിഷൻ യുഡിഎഫിന്റെ കൈയിലായി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനമാണ് നിലവിൽ ആലക്കോട് ഡിവിഷൻ മെംബർ.
ആലക്കോട് ഡിവിഷനിലുള്ള ആലക്കോട്, തേർത്തല്ലി പ്രദേശങ്ങൾ, പയ്യന്നൂർ ബ്ലോക്കിലെ പെരിന്തട്ട, വെള്ളോറ, മാതമംഗലം, കാങ്കോൽ പ്രദേശങ്ങൾ ചേർത്താണ് മാതമംഗലം ഡിവിഷൻ രൂപീകരിച്ചിരിക്കുന്നത്. ആലക്കോട് ഡിവിഷൻ വെട്ടിമുറിച്ച് ഇല്ലാതാക്കിയപ്പോൾ ഇവിടെ ഉൾപ്പെട്ടിരുന്ന ചപ്പാരപ്പടവ് പ്രദേശം പരിയാരം ഡിവിഷനിലും ഉൾപ്പെടുത്തി.