വയനാട്-കരിന്തളം 400 കെവി ലൈൻ : ആറളം പഞ്ചായത്തിലെ ഭൂമി നഷ്ടപ്പെടുന്നവർ യോഗം ചേർന്നു
1578338
Thursday, July 24, 2025 12:51 AM IST
ഇരിട്ടി: വയനാട്-കരിന്തളം 400 കെവി ലൈൻ കടന്നു പോകുന്ന ഭൂ ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെതിരേ ആറളം പഞ്ചായത്തിലെ ഭൂ ഉടമകളും കർഷകരും യോഗം ചേർന്നു. ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വെളിമാനത്ത് ചേർന്ന ജനകീയ കൂട്ടായ്മ വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. മാർട്ടിൻ കിഴക്കേ തലയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ലക്ഷങ്ങൾ വില മതിക്കുന്ന ഭൂമിയും വീടും തുഛമായ വിലനൽകി കർഷകനെ കുടിയിറക്കാനുള്ള തീരുമാനത്തിനെതിരെ യോഗം പ്രതിഷേധിച്ചു. കർമസമിതി ആവശ്യപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നതുവരെ അധികൃതരെ കൃഷി സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
ഭൂമിയും വീടും നഷ്ടപ്പെടുന്നവരെ അധികൃതർ തെറ്റിദ്ധരിപ്പിച്ച് ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്നതായും ഇതിൽ വഞ്ചിതരാകരുതെന്നും യോഗം കർഷകരോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാര പാക്കേജിന് എതിരെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വെളിമാനം പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ കർമസമിതി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ബെന്നി പുതിയമ്പുറം, ജിമ്മി അന്തീനാട്ട്, രാജേഷ് മാർക്കോസ് കവുങ്ങുംപള്ളി, സിബി മുതുകുളത്ത്, വിനോദ്, ജോൺസൺ, വിനീഷ്, സിബി, റോയി, ജോസ്, തുടങ്ങിയവർ പ്രസംഗിച്ചു.