കടയിലേക്കുള്ള വഴിയടച്ച് ട്രാൻസ്ഫോമർ സ്ഥാപിച്ച സംഭവം; നഗരസഭ ഇടപെട്ട് പ്രശ്നം പരിഹരിച്ചു
1578866
Saturday, July 26, 2025 1:24 AM IST
ഇരിട്ടി: വഴി അടച്ച് ട്രാൻസ്ഫോർമർ സ്ഥാപിച്ചതിനെ തുടർന്ന് വ്യാപാരസ്ഥാപനത്തിലേക്ക് വഴി ഇല്ലാതായ പ്രശ്നം നഗരസഭ ഇടപെട്ട് പരിഹരിച്ചു. വർഷങ്ങളായി ഇരിട്ടി ടൗണിൽ പ്രവർത്തിച്ചു വരുന്ന പുസ്തക കടയക്കു മുന്നിലെ വഴി തടസപ്പെടുത്തിക്കൊണ്ടായിരുന്നു കെഎസ്ഇബി ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
നഗരസഭ വിഷയത്തിൽ ഇടപെടുകയും കടയ്ക്ക് സമീപം നടത്തിവന്ന വഴിയോര കച്ചവടം ഇവിടെ നിന്ന് മാറ്റി കടയിലേക്ക് പുതിയവഴി ഒരുക്കിക്കൊടുക്കാമെന്ന് കടയുടമയ്ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾക്കും ഉറപ്പ് നൽകി. നഗരസഭയുടെ ഉറപ്പ് വ്യാപാരിയും സംഘടനയും അംഗീകരിക്കുകയായിരുന്നു.
ഇരിട്ടിയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നത്. ആദ്യം ട്രാൻസ്ഫോമർ സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് പ്രായോഗിക ബുദ്ധിമുട്ടുകൾ വന്നതോടെയാണ് ഇപ്പോഴത്തെ സ്ഥലത്ത് സ്ഥാപിച്ചതെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. ട്രാൻസ്ഫോർമറിന്റെ സുരക്ഷ ഗ്രില്ലുകൾ സ്ഥാപിച്ചതോടെ കടയിലേക്കുള്ള വഴി അടഞ്ഞത്. ഇതിനെതിരെ പണി നടക്കുന്പോൾ കടയുടമ പ്രതിഷേധിക്കുകയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിന്ന് നീക്കുകയുമായിരുന്നു.
കടയിലേക്കുള്ള വഴി തടസപ്പെടുത്തി ട്രാൻസ്ഫോമർ സ്ഥാപിച്ചതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നഗരസഭാധ്യക്ഷ കെ. ശ്രീലതയും കെഎസ്ഇബി അധികൃതരും കടയുടെയും അസോസിയേഷൻ അംഗങ്ങൾ ചേർന്ന് നടത്തിയ ചർച്ചയിൽ പ്രശ്നം രമ്യമായി പരിഹരിച്ചത്.