കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
1578858
Saturday, July 26, 2025 1:23 AM IST
ആലക്കോട്: ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോ ടെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. നെടുവോട് മുസ്ലിം പള്ളിക്കു സമീപത്തെ വൈദ്യുത ട്രാൻസ്ഫോർമർ നിലംപൊത്തി. 13 വൈദ്യുത തൂണുകളും തകർന്നു വീണു. വൈദ്യുതി ലൈനിൽ മരം കടപുഴകി വീണതിനെ തുടർന്നാണ് വൈദ്യുത തൂണും ട്രാൻസ്ഫോർമറും തകർന്നത്. നെടുവോട് സിഎച്ച് റോഡിലേക്കാണ് ട്രാൻസ്ഫോർമർ തകർന്നു വീണത്. ഇതുവഴിയുള്ള ഗതാഗതവും പൂർണമായും തടസപ്പെട്ടു. കാർത്തികപുരത്തെ കെഎസ്ഇബി ജീവനക്കാരെത്തി റോഡിൽ നിന്നും വൈദ്യുതി ലൈനും തൂണുകളും മാറ്റിയെങ്കിലും ട്രാൻസ്ഫോർ മർ മാറ്റാൻ സാധിച്ചില്ല.
നെടുവോട്, പരപ്പ, കാർത്തികപുരം പ്രദേശങ്ങളിൽ നിരവധി കർഷകരുടെ റബർ, തെങ്ങ്, കവുങ്ങ് അടക്കം നിരവധി കാർഷിക വിളകളാണ് നശിച്ചത്. നെടുവോട് പൂമംഗലോരത്ത് ജമീലയുടെ വീടിന് മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. പൂമംഗലോരത്ത് സലീമിന്റെ കാർ ഷെഡ് തെങ്ങു വീണ് തകർന്നു.
നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, വില്ലേജ് ഓഫീസർമാരായ പി.പി. വിനോദ്കുമാർ, എം.പി. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
കാർത്തികപുരം വൈദ്യുത സെക്ഷൻ ഓഫീസ് പരിധിയിലെ കൊച്ചു കുട്ടാപറമ്പ്, പൂവൻഞ്ചാൽ, കോളി, മുതുശേരി, മണിയൻകൊല്ലി പ്രദേശങ്ങളിൽ നിരവധി വൈദ്യുത തൂണുകൾ കാറ്റിൽ തകർന്നു.
ചെറുപുഴ: കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിന് സമീപം പന വീണ് വൈദ്യുത തൂൺ അപകടാവസ്ഥയിലായി. പെരിങ്ങോത്തു നിന്നും അഗ്നിരക്ഷാ സംഘവും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പന നീക്കം ചെയ്തു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗം ജോയി സി. ഷാജി എന്നിവർ സ്ഥലം സന്ദർശിച്ചു. ആർക്ക് ഏഞ്ചൽസ് സ്കൂളിന്റെ ഷെഡിന് മുകളിൽ വട്ടമരം കടപുഴകി വീണു. അട്ടോളി അമ്മിണിയുടെ വീടിനു മുകളിൽ കവുങ്ങ് വീണു.
അട്ടോളി ബാലകൃഷ്ണന്റെ വീടിന് മുകളിൽ വട്ടമരം വീണു. അട്ടോളി രവിയുടെ ഷെഡ് മാവ് വീണ് തകർന്നു. പുല്ലാട്ട് ജോയിയുടെ വീടിനോട് ചേർന്നുള്ള ഷെഡ് തെങ്ങു വീണ് തകർന്നു. ആഞ്ഞിലി, കവുങ്ങ് തുടങ്ങിയവയും ഒടിഞ്ഞു വീണു നാശനഷ്ടം സംഭവിച്ചു.
കന്നിക്കളത്തെ എകെസി ടൂറിസ്റ്റ് ഹോമിന്റെ എസിപി ഷീറ്റും ബോർഡും കാറ്റിൽ നിലംപൊത്തി. ചെറുപുഴ ശ്രീ മുത്തപ്പൻ പെട്രോൾ പമ്പിന് സമീപത്തെ കാട്ടുപാലത്ത് തങ്കച്ചന്റെ കടയുടെ മുകളിൽ മരം പൊട്ടിവീണു. കന്നിക്കളത്തെ പെട്രോൾ പമ്പിന് മുകളിൽ തേക്ക് മരങ്ങൾ കടപുഴകി വീണു.