ദേശീയപാത നിർമാണത്തിന് തോട് നികത്തി; വെള്ളക്കെട്ടിൽ വീടുകൾ തകർച്ചാ ഭീഷണിയിൽ
1578344
Thursday, July 24, 2025 12:51 AM IST
പയ്യന്നൂര്‍: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളമൊഴുകിയിരുന്ന തോട് നികത്തിയതിനെ തുടർന്ന് കോറോം റോഡിൽ വീടുകൾ തകർച്ചയിൽ. കണ്ണൂക്കാരത്തി സൗദ, മുത്തലിബ്, ജസീറ എന്നിവരുടെ വീടുകളാണ് തകർച്ചാ ഭീഷണി നേരിടുന്നത്. സൗദയുടെ വീടിന്റെ മതിലുൾപ്പടെ രണ്ടു വീടുകളുടെ മതിലുകൾ വെള്ളക്കെട്ട് കാരണം തകർന്നു വീണു.
തറയോടുചേർന്ന ഭാഗത്തെ മണ്ണടക്കം ഒലിച്ചു പോയ നിലയിലാണ്. മുത്തലിബിന്റെ വീടിന്റെ ഒരുഭാഗത്ത് വിള്ളൽ വീണിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഇവിടുത്തെ പത്തു വീട്ടുകാർ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം വീട്ടുകാരെ അധികൃതർ മാറ്റിത്താമസിപ്പിച്ചിരുന്നു. വെള്ളം അൽപം ഇറങ്ങിയപ്പോൾ ഇവർ തിരിച്ചു വരികയായിരുന്നു. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി ജീവനും വീടുകൾക്കും സുരക്ഷിതമൊരുക്കാൻ ബന്ധപ്പെട്ടവർ തയറാകണമെന്നാണ് കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.