മൺസൂൺ ബംപർ 10 കോടി കുറുമാത്തൂരിൽ വിറ്റ ടിക്കറ്റിന്
1578345
Thursday, July 24, 2025 12:51 AM IST
സ്വന്തം ലേഖകൻ
കുറുമാത്തൂർ (കണ്ണൂർ): മൺസൂൺ ബംപർ10 കോടിയുടെ ഒന്നാംസമ്മാനം കുറുമാത്തൂർ പൊക്കുണ്ടി ലെ എകെജി ലോട്ടറി സ്റ്റാളിൽ നിന്നു വിറ്റ ടിക്കറ്റിന്. സ്റ്റാൾ നടത്തുന്ന ഗംഗാധരൻ വിറ്റ എം.സി. 678572 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തളിപ്പറമ്പിലെ രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാൻ ലോട്ടറി ഓഫീസിൽനിന്ന് മൂന്നു ദിവസം മുന്പാണ് നാല് ടിക്കറ്റ് ബുക്കുകൾ ഗംഗാധരൻ വാങ്ങിച്ചത്.
ഇതിൽനിന്ന് വില്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നേരത്തെ ചെങ്കൽ തൊഴിലാളിയായിരുന്ന ഗംഗാധരൻ തൊഴിലെടുക്കാൻ പറ്റാത്തതു കാരണം പിന്നീട് നാലു വർഷത്തോളം മെഷീൻ ഉപയോഗിച്ച് കാട് വെട്ടി തെളിക്കുന്ന ജോലി നോക്കിയിരുന്നു. ആ ജോലിയും ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് ലോട്ടറി വില്പന തൊഴിലാക്കിയത്.
14 വർഷത്തോളമായി ലോട്ടറി വില്പന നടത്തിവരികയാണ്. ഇതിനു മുന്പ് രണ്ടു തവണ ഒന്നാം സമ്മാനമായി 65 ലക്ഷവും, 75 ലക്ഷവും ഗംഗാധരൻ വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരു തവണ രണ്ടാം സമ്മാനം രണ്ടു ലക്ഷവും മൂന്നാം സമ്മാനം ഒരുലക്ഷം വീതം ആറു തവണയും മറ്റ് അനേകം
ചെറുസമ്മാനങ്ങളും മകൻ ആദിത്ത് കെ.ജിയുടെ പേരിൽ തുടങ്ങിയ എകെജി. ലോട്ടറി സ്റ്റാൾ വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ലോട്ടറി സ്റ്റാളിൽ ഗംഗാധരനെ സഹായിക്കാൻ ഭാര്യ ചന്ദ്രികയും കൂടെ ഉണ്ടാകാറുണ്ട്.
പത്തു കോടി രൂപ ആദ്യമായിട്ടാണ് ലഭിക്കുന്നതെന്നും കോടികൾ സമ്മാനമായി ലഭിച്ച ഭാഗ്യവാൻ ആരാണെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗംഗാധരൻ ദീപികയോട് പറഞ്ഞു.
മൺസൂൺ ബംപർ തങ്ങൾ വിറ്റ ടിക്കറ്റിനാണെന്ന് തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസിയാണ് അറിയിച്ചത്. ഇതറിഞ്ഞ സന്തോഷത്തിൽ ഗംഗാധരൻ മധുര പലഹാര വിതരണവും നടത്തി.