വാർഡ് വിഭജന കരട് രേഖ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത്: സജീവ് ജോസഫ്
1578334
Thursday, July 24, 2025 12:51 AM IST
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ പുതുക്കിയ വാർഡ് വിഭജനം സംബന്ധിച്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച കരടുരേഖ ജനാധിപത്യ സംവിധാനത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് സജീവ് ജോസഫ് എംഎൽഎ ആരോപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലെ രാഷ്ട്രീയ താത്പര്യം മാത്രം സംരക്ഷിക്കുന്ന വാർഡ് വിഭജനം നടക്കുന്നത്.
വാർഡുകളുടെ രൂപീകരണം പൂർണമായും അശാസ്ത്രീയമാണ്. പ്രത്യേകിച്ച് മലയോര മേഖലയിലെ നിലവിലുണ്ടായിരുന്ന ആറോളം ഡിവിഷനുകൾ ഇല്ലായ്മ ചെയ്ത് മറ്റു പല മണ്ഡലങ്ങളോടും ചേർത്തിരിക്കുകയാണ്. ആലക്കോട് ഡിവിഷനിൽ ഉണ്ടായിരുന്ന ആലക്കോട്, തേർത്തല്ലി പ്രദേശങ്ങൾ മാതമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പുതുതായി രൂപീകരിച്ചതിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നു.
അതുപോലെ ആലക്കോട് ഡിവിഷനിൽ ഉണ്ടായിരുന്ന ചപ്പാരപ്പടവ് പ്രദേശം പരിയാരം ഡിവിഷനിലേക്കാണ് കൂട്ടിച്ചേർത്തത്. മലയോര മേഖലയിൽ യുഡിഎഫിന് മുൻതൂക്കമുള്ള പല പ്രദേശങ്ങളും മൂന്നുംനാലും കഷണങ്ങളാക്കി മുറിച്ചുമാറ്റി മറ്റു വിവിധ മണ്ഡലങ്ങളോട് ചേർത്തിരിക്കുന്നു. ഭൂമിശാസ്ത്രപരമായ യാതൊരു പരിഗണനയും വാർഡ് വിഭജനത്തിൽ നൽകിയിട്ടില്ല.
ചേർന്നുകിടക്കുന്ന പഞ്ചായത്തായ ഉളിക്കൽ പ്രദേശത്തെ ഒഴിവാക്കി പേരാവൂർ നിയോജക മണ്ഡലത്തിലെ അയ്യൻകുന്ന് പഞ്ചായത്തിനെ ഉൾപ്പെടുത്തി പയ്യാവൂർ ഡിവിഷൻ ഉണ്ടാക്കിയത് ശുദ്ധ അസംബന്ധമാണ്. സിപിഎം നടത്തിയിട്ടുള്ള രാഷ്ട്രീയമായ കുതന്ത്രമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.
അതിന് ഇലക്ഷൻ കമ്മീഷൻ കൂട്ടുനിന്നത് അദ്ഭുതപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ പരിശോധനകളും നടപടികളും വേണം. ഇതിന് ആവശ്യമായ ബദൽ നിർദേശങ്ങൾ ചർച്ച ചെയ്ത് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുന്നതാണ്. തെറ്റ് തിരുത്താൻ കമ്മീഷൻ തയാറാകണമെന്നും എംഎൽഎ പറഞ്ഞു.