പിതൃസ്മരണയിൽ തർപ്പണം നടത്തി പതിനായിരങ്ങൾ
1578634
Friday, July 25, 2025 1:48 AM IST
കണ്ണൂർ: പൂർവികരുടെ സ്മരണയിൽ അന്നവും എള്ളും ദർഭയും നാക്കിലയിൽ സമർപ്പിച്ച് പിതൃക്കൾക്ക് വാവൂട്ട് നടത്തി പതിനായിരങ്ങൾ. കർക്കടക വാവ് ദിനത്തിൽ പൂർവികർക്ക് തർപ്പണം ചെയ്യുന്നതിലൂടെ പരേതാത്മാക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. കർക്കടക വാവുദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലുമായി ബലിതർപ്പണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പയ്യാന്പലം കടൽത്തീരം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, തൃക്കൈ ശിവക്ഷേത്രം, തലായി കടപ്പുറം, തളിപ്പറന്പ് തൃച്ചംബരം ക്ഷേത്രം, മലയോരങ്ങളിലെ വിവിധ ക്ഷേത്രങ്ങൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിൽ ബലി തർപ്പണത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
പയ്യാവൂർ: പയ്യാവൂർ വാസവപുരം മഹാവിഷ്ണുക്ഷേത്രത്തിൽ കർക്കടകവാവിന്റെ ഭാഗമായ തർപ്പണം നടന്നു. വെമ്പുവ മൂർത്തികടവ് സ്നാനഘട്ടത്തിൽ നടന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് രാഹുൽജി കോഴിക്കോട് മുഖ്യകാർമികത്വം വഹിച്ചു. പ്രശസ്ത പിന്നണിഗായകൻ മധു ബാലകൃഷ്ണൻ, സിനിമാ നിർമാതാവ് മുരളി കുന്നുംപുറത്ത് എന്നിവരടക്കം നൂറുകണക്കിനാളുകൾ പിതൃതർപ്പണം നടത്തി. ഗണപതിഹോമവും മറ്റു വിശേഷാൽ പൂജകളും നടന്നു.