പിതൃസ്മരണയിൽ തർപ്പണം നടത്തി പതിനായിരങ്ങൾ
1578638
Friday, July 25, 2025 1:48 AM IST
കണ്ണൂർ: പൂർവികരുടെ സ്മരണയിൽ അന്നവും എള്ളും ദർഭയും നാക്കിലയിൽ സമർപ്പിച്ച് പിതൃക്കൾക്ക് വാവൂട്ട് നടത്തി പതിനായിരങ്ങൾ. കർക്കടക വാവ് ദിനത്തിൽ പൂർവികർക്ക് തർപ്പണം ചെയ്യുന്നതിലൂടെ പരേതാത്മാക്കൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. കർക്കടക വാവുദിനമായ ഇന്നലെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലുമായി ബലിതർപ്പണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പയ്യാന്പലം കടൽത്തീരം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, തൃക്കൈ ശിവക്ഷേത്രം, തലായി കടപ്പുറം, തളിപ്പറന്പ് തൃച്ചംബരം ക്ഷേത്രം, മലയോരങ്ങളിലെ വിവിധ ക്ഷേത്രങ്ങൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിൽ ബലി തർപ്പണത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇരിട്ടി: കീഴൂർ മഹാദേവ, മഹാവിഷ്ണു ക്ഷേത്രം സങ്കേതത്തിൽ നിരവധിപേർ പിതൃസ്മരണയിൽ ബലിതർപ്പണം നടത്തി. ഇരു ക്ഷേത്ര കമ്മിറ്റികളും ചേർന്നാണ് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ലഘു ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു. പി.എം. നീലകണ്ഠൻ നമ്പീശൻ, തമ്പാൻ നമ്പീശൻ എന്നിവർ തർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രങ്ങളുടെ ഭാരവാഹികളും മെംബർമാരും മാതൃ സമിതികളും നേതൃത്വം നൽകി.
കല്ലുമുട്ടി ശ്രീനാരായണ ഗുരു മന്ദിരം, തന്തോട് ചോംകുന്ന് ശിവക്ഷേത്രം, കീഴ്പള്ളി പാലരിഞ്ഞാൽ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. ഉളിക്കൽ വയത്തൂർ കടവിലും നിരവധിപേർ പിതൃതർപ്പണം നടത്തി. കാലവർഷം കനത്തതിനാൽ പുഴകളിൽ ബലിതർപ്പണം നടത്തുന്നതിനായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
അപകട സാഹചര്യങ്ങൾ കൂടുതലുള്ള വയത്തൂർകടവ്, പയ്യാവൂർ മൂർത്തിക്കടവ് എന്നിവിടങ്ങളിൽ അഗ്നിശമസേനാംഗങ്ങളെയും സിവിൽ ഡിഫൻസ് സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു.