കലുങ്കിന്റെ സംരക്ഷണ ഭിത്തിയും കെട്ടിടമുറ്റത്തിന്റെ കെട്ടും ഇടിഞ്ഞ് താണു
1578636
Friday, July 25, 2025 1:48 AM IST
ഇരിട്ടി: മാടത്തിൽ-കീഴ്പള്ളി റോഡിൽ അത്തിക്കലിൽ കലുങ്കിന്റെ സംരക്ഷണ ഭിത്തിയും സമീപത്തെ കെട്ടിട മുറ്റത്തിന്റെ കെട്ടും ഇടിഞ്ഞു താണു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വർഷങ്ങളായി ബലക്ഷയം ബാധിച്ച കലുങ്കിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മാടത്തിൽ-കീഴ്പള്ളി പ്രധാന റോഡിലാണ് അപകടം. കലുങ്കിന്റെ ഒരുഭാഗവും കെട്ടിട മുറ്റത്തിന്റെ കെട്ടിന്റെ ഭാഗവുമാണ് പൂർണമായും തകർന്നത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം പോലീസ് ഒറ്റ ലൈനായി ക്രമീകരിച്ചിരിക്കുകയാണ്. കെട്ടിടത്തിലെ താമസക്കാരായ അഞ്ചുപേരെ റവന്യൂ അധികൃതർ എത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു. അപകടത്തിലായ കലുങ്ക് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ദീപിക ഉൾപ്പെടെ മാധ്യമങ്ങൾ നിരന്തരം വാർത്ത ചെയ്തിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മഴ തുടർന്നാൽ കലുങ്ക് ഉൾപ്പെടെ പൂർണമായും ഇടിഞ്ഞു താഴാനുള്ള സാധ്യതയുണ്ട്. കലുങ്ക് തകർന്നാൽ കീഴ്പള്ളി മേഖല ഒറ്റപ്പെടും. സംഭവസ്ഥലം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.