വീരമലക്കുന്നിൽ വീണ്ടും ഷിരൂരിന്റെ പാഠം
1578342
Thursday, July 24, 2025 12:51 AM IST
ചെറുവത്തൂർ: ദേശീയപാതയിൽ മണ്ണിടിച്ചിലുകളുണ്ടാകുമ്പോഴെല്ലാം മലയാളികളുടെ മനസിൽ ആദ്യമെത്തുന്നത് ഒരു വർഷം മുമ്പു നടന്ന ഷിരൂർ ദുരന്തത്തിന്റെ ഓർമകളാണ്. മലകളുടെയും മണ്ണിന്റെയും ഘടനയിലും സ്വഭാവത്തിലും ഷിരൂര്‍ ഉള്‍പ്പെടുന്ന കർണാടകയിലെ കൊങ്കണ്‍ മേഖലയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് വടക്കൻ കേരളം.
അതുകൊണ്ടുതന്നെ ഷിരൂരിൽ നടന്നതുപോലെ ഏറെക്കുറെ കുത്തനെ മലയിടിച്ച് നടത്തിയ ദേശീയപാതയുടെ നിര്‍മാണം അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക ഭൗമശാസ്ത്ര മേഖലയിലെ വിദഗ്ധരും നാട്ടുകാരുമെല്ലാം ഒരുപോലെ പങ്കുവയ്ക്കുന്നതാണ്. ഈ ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് ചെര്‍ക്കളയ്ക്കും ചട്ടഞ്ചാലിനും ഇടയിലും വീരമലക്കുന്നിലും പലതവണയായി മണ്ണിടിച്ചിലുകള്‍ ഉണ്ടാകുന്നത്.
മലകൾ വെട്ടിപ്പിളർന്ന് റോഡ് നിർമിക്കുമ്പോൾ ഏറ്റവും സുരക്ഷിതമായ ചരിവ് 30 ഡിഗ്രിയാണെന്നാണ് ഭൗമശാസ്ത്ര വിദഗ്ധർ പറയുന്നത്. അത്രയും വലിയ ചരിവുണ്ടാക്കണമെങ്കിൽ റോഡ് നിർമാണത്തിന് വളരെയധികം സ്ഥലം ഏറ്റെടുക്കേണ്ടിവരും. ലഭ്യമായ സ്ഥലം വച്ച് 60-70 ഡിഗ്രി വരെ ചരിവിൽ മലയിടിച്ചാലും വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ വീരമലക്കുന്നിലും ചട്ടഞ്ചാൽ തെക്കിലിലും ബേവിഞ്ചയിലുമൊക്കെ മലയിടിച്ചിട്ടുള്ളത് 80 മുതൽ 90 ഡിഗ്രി വരെ ചരിവിലാണ്. ഷിരൂരിലും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു.
ദേശീയപാത നിർമാണത്തിനായി ക്രമാതീതമായി മണ്ണിടിച്ചതിനെ തുടർന്ന് വീരമലക്കുന്നിൽ വിള്ളലുകൾ രൂപപ്പെട്ടതായി നേരത്തേ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലയിലെ മറ്റ് ഇടനാടൻ കുന്നുകളേക്കാളധികം വെള്ളം സംഭരിക്കപ്പെടുന്ന ഇടമാണ് വീരമലക്കുന്നെന്ന കാര്യം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശപ്രകാരം ഇവിടെ പരിശോധന നടത്തിയ ജിയോളജിസ്റ്റുകളുടെ സംഘവും റിപ്പോർട്ട് ചെയ്തിരുന്നു.
മഴക്കാലത്ത് ഇവിടെ അമിതമായ അളവിൽ സംഭരിക്കപ്പെടുന്ന വെള്ളത്തിന് കൃത്യമായി ഒഴുകിപ്പോകാൻ കഴിഞ്ഞില്ലെങ്കിൽ അത് മലയിടിച്ചിലിനോ ഉരുൾപൊട്ടലിനോ വഴിവച്ചേക്കാമെന്നും ഭൗമശാസ്ത്ര വിദഗ്ധർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലുണ്ടായ അപാകതകൾ പഠിക്കുന്നതിനായി കഴിഞ്ഞ മേയ് മാസത്തിൽ ദേശീയപാത അഥോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇവിടെ പേരിനൊരു സന്ദർശനം നടത്തി സ്ഥലംവിടുകയായിരുന്നു.
കട്ടിയുള്ള ചെങ്കല്ലിന്റെ പുറംപാളിയും അകത്ത് ഇളകിയ മണ്ണുമടങ്ങുന്നതാണ് വടക്കൻ കേരളത്തിലെ ഇടനാടൻ ചെങ്കൽക്കുന്നുകുടെ ഭൂപ്രകൃതി. കുന്നിടിക്കുമ്പോൾ ഈ ചെങ്കൽപ്പാളി തകർക്കപ്പെടുന്നതോടെ അകത്തുള്ള മണ്ണ് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയാണ്. ഇടിച്ച ഭാഗങ്ങളിൽ ഇരുമ്പുകമ്പികൾ തുരന്നുകയറ്റി അവയുടെ പുറത്തുകാണാവുന്ന അറ്റം കമ്പിവല കൊണ്ട് ബന്ധിച്ച് അതിൽ കോൺക്രീറ്റ് സ്പ്രേ ചെയ്ത് ഉറപ്പിക്കുന്ന സോയിൽ നെയിലിംഗ്, ഷോട്ട്ക്രീറ്റ് സംരക്ഷണ സംവിധാനങ്ങൾ ഇവിടെ പ്രായോഗികമല്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞതാണ്.
വീരമലക്കുന്നിൽ കട്ടിയുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി തന്നെ നിർമിച്ചിട്ടും ഇത്തവണ അതിനു മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കുന്നിടിച്ചതിന്റെ ചരിവ് ഇനിയും കൂട്ടുകയും വെള്ളത്തിന് ഒഴുകിപ്പോകാൻ കൃത്യമായി വഴിയൊരുക്കുകയും ചെയ്യുകയെന്ന വഴി മാത്രമാണ് ഇനി അധികൃതർക്ക് മുന്നിലുള്ളത്.
ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം
ചെറുവത്തൂര്‍: വീരമലക്കുന്നില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ചെറുവത്തൂര്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നീലേശ്വരം ദേശീയപാതയില്‍ നിന്ന് കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശിയപാതയിലെത്തി യാത്ര ചെയ്യണം. പയ്യന്നൂര്‍ ഭാഗത്തുനിന്ന് നിലേശ്വരം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോത്തായിമുക്ക് - കാങ്കോല്‍ -ചിമേനി കയ്യൂര്‍ -ചായ്യോത്ത് വഴി നീലേശ്വരം ദേശീയപാതയില്‍ എത്തണം.
ഇതുകൂടാതെ കരിവെള്ളൂര്‍ -പാലക്കുന്ന് വെളളച്ചാല്‍ - ചെമ്പ്രകാനം -കയ്യൂര്‍ - ചായ്യോത്ത് വഴിയും നിലേശ്വരത്ത് എത്തിച്ചേരണം. ഇന്നുമുതല്‍ ചെറുവത്തൂര്‍ മയിച്ച ദേശീയപാതയിലൂടെ എല്ലാ ഗതാഗതവും നിര്‍ത്തണം. ദേശീയപാതയുടെ സുരക്ഷാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരും.