ഈ വർഷം മുതൽ പത്ത് കഴിയുന്നവർ റോബോട്ടിക്സ് അറിവും സ്വായത്തമാക്കും
1578633
Friday, July 25, 2025 1:48 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി കഴിഞ്ഞിറങ്ങുന്നവർ റോബോട്ടിക്സ് വിഞ്ജാനത്തിനൊപ്പം പ്രയോഗിക അറിവും സ്വായത്തമാക്കും. പുതുക്കിയ ഐസിടി പാഠപുസ്തകത്തിൽ റോബോട്ടിക്സ് പഠനത്തിന് കൂടുതൽ ഊന്നൽ നൽകുന്ന സാഹചര്യത്തിലാണ് ഇതിനുള്ള സജ്ജീകരണം ഒരുക്കിയത്. ജില്ലയിൽ 180 സ്കൂളുകളിലായി 2161 റോബോട്ടിക് കിറ്റുകളുടെ വിന്യാസമാണ് പൂർത്തിയാക്കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) പഠനവുമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കിയതെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. റോബോട്ടുകളുടെ സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്യുവേറ്ററുകളുടെയും ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക്സ് ഉപകരണങ്ങളെ നിയന്ത്രിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ പഠിക്കുന്നതിനൊപ്പം ഇതിന്റെ വിശാല സാധ്യതകളും വിദ്യാർഥികൾക്ക് മനസിലാക്കാനാവും.
സ്കൂളുകള്‍ക്ക് നല്കിയ റോബോട്ടിക് കിറ്റിലെ ആര്‍ഡിനോ ബ്രഡ് ബോര്‍ഡ്, ഐആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്സര് തയാറാക്കലാണ് പാഠ്യഭാഗമെന്ന നിലയിൽ ആദ്യം വിദ്യാർഥികൾക്കുള്ള പ്രവർത്തനം.
കൂടുതൽ റോബോട്ടിക് കിറ്റുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
നിലവില്‍ നൽകിയ റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ ചലിക്കുന്ന റോബോട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് കിറ്റുകള്‍ ഈവർഷം തന്നെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഈവര്‍ഷം സ്കൂളുകളില്‍ പ്രത്യേക റോബോഫെസ്റ്റുകളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 758 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്. അടുത്ത മാസം ആദ്യവാരത്തോടെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം പൂർത്തിയാകും.