വോട്ടർ പട്ടിക; പഞ്ചായത്ത് വാർഡ് വിഭജനത്തിൽ ക്രമക്കേടുകളും പരാതിയും
1578871
Saturday, July 26, 2025 1:24 AM IST
ഇരിട്ടി: വോട്ടർ പട്ടിക പുറത്തുവന്നതോടെ വാർഡ് വിഭജന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ. വോട്ടർമാരുടെയും വാർഡുകളുടെയും എണ്ണത്തിന് ആനുപാതികമായി വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തി വാർഡ് വിഭജനം നടത്തണമെന്ന നിർദേശം ഇരിട്ടി നഗരസഭയിലും മുഴക്കുന്ന്, അയ്യൻകുന്ന് പഞ്ചായത്തുകളിലും അട്ടിമറിച്ചതായാണ് പ്രധാന ആക്ഷേപം.
ഇരിട്ടി നഗരസഭയിൽ 34 വാർഡുകളിലായി ആകെ 32,454 വോട്ടർമാരാണുള്ളത്. ഒരു വാർഡിൽ ശരാശരി 955 വോട്ടർമാരാണ് ഉണ്ടാകേണ്ടത്. കുരൻമുക്ക് വാർഡിൽ 1453 വോട്ടർമാർ ഉള്ളപ്പോൾ വികാസ് നഗർ വാർഡിൽ വോട്ടർമാരുടെ എണ്ണം 665 ആണ്. ഏറ്റവും കുറവ് വോട്ടർമാരുഉള്ള വികാസ് നഗർ വാർഡിനേക്കാൾ രണ്ട് ഇരട്ടിയിൽ അധികം വോട്ടർമാരാണ് കുരൻമുക്ക്, വെളിയമ്പ്ര (1378) വാർഡുകളിൽ ഉള്ളത്. വളോരയിൽ 1315, പത്തൊന്പതാംമൈൽ-1293, നടുവനാട്-1226, താവിലാക്കുറ്റി-1219 എന്നിങ്ങനെയാണു വോട്ടർമാരുടെ എണ്ണം.
മുഴക്കുന്ന് പഞ്ചായത്തിൽ ആകെ വോട്ടർമാർ-17,772. വാർഡുകൾ-16. ശരാശരി ഒരു വാർഡിൽ വരേണ്ട വോട്ടർമാർ-1111. വട്ടപ്പൊയിൽ വാർഡിൽ 941 വോട്ടർമാർ ഉള്ളപ്പോൾ അയ്യപ്പൻകാവ് വാർഡിൽ വോട്ടർമാരുടെ എണ്ണം 1561.
അയ്യൻകുന്ന് പഞ്ചായത്തിൽ ആകെ വോട്ടർമാർ-18,761. വാർഡുകൾ-16. ശരാശരി ഒരു വാർഡിൽ വരേണ്ട വോട്ടർമാർ-1173. പഞ്ചായത്തിലെ രണ്ടാംകടവ് വാർഡിൽ 962 വോട്ടർമാർ ഉള്ളപ്പോൾ ആനപ്പന്തി വാർഡിൽ വോട്ടർമാർ എണ്ണം1623.
വോട്ടർമാരുടെ എണ്ണത്തിൽ10 ശതമാനം വരെ കൂടുകയും കുറയുകയും ചെയ്യാമെന്ന ചട്ടം കാറ്റിൽ പറത്തിയാണ് ലിസ്റ്റ് വെളിയിൽ വന്നിരിക്കുന്നത്. വാർഡ് വിഭജനത്തെക്കുറിച്ചുള്ള ഒരു പരാതിയും പരിഗണിച്ചില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.