കൃത്യമായ പാക്കേജ് പ്രഖ്യാപിക്കാതെ 400 കെവി ലൈൻ കടന്നുപോകാൻ അനുവദിക്കില്ലെന്ന്
1578632
Friday, July 25, 2025 1:48 AM IST
തേർത്തല്ലി: വയനാട്-കരിന്തളം 400 കെവി ഇലക്ട്രിക്കൽ ലൈൻ കടന്നുപോകുന്ന ഭൂമിയിലെ കർഷകർക്ക് ന്യായമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൂടപ്രം കമ്യൂണിറ്റി ഹാളിൽ ചേർന്ന കർഷകരുടെ യോഗം ആവശ്യപ്പെട്ടു. കർഷകരുടെ ഭൂമിയും കാർഷിക വിളകളും നഷ്ടപ്പെടുത്തിക്കൊണ്ട് തുച്ഛമായ നഷ്ടപരിഹാര പാക്കേജിലൂടെ ഇലക്ട്രിക്കൽ ലൈൻ കടന്നുപോകാൻ കർഷകർ അനുവദിക്കില്ലെന്നും തീരുമാനിച്ചു.
കെഎസ്ഇബിയുടെ വഞ്ചനാപരമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. കൃത്യമായ പാക്കേജ് പ്രഖ്യാപിക്കാതെയുള്ള യാതൊരു പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. 400 കെവി ലൈൻ ആക്ഷൻ കമ്മിറ്റി കൺവീനർ ടോമി കുമ്പിടിമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ആലക്കോട് പഞ്ചായത്ത് കൂടപ്രം വാർഡ് മെംബർ ജയ്മി ജോർജ് അധ്യക്ഷത വഹിച്ചു. ദേവസ്യ പന്തമാക്കൽ, കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി ജെയിംസ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.