അമ്മയ്ക്കു പിന്നാലെ കൃഷിവ്രാജിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1578346
Thursday, July 24, 2025 12:51 AM IST
പഴയങ്ങാടി: വെങ്ങര ഗ്രാമത്തെയാകെ സങ്കടത്തിലാക്കി അമ്മ റീമയ്ക്ക് പിന്നാലെ മകൻ കൃഷീവ് രാജും യാത്രയായി. കഴിഞ്ഞ ഞായറാഴ്ച വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽനിന്ന് മകനുമായി പുഴയിലേക്ക് എടുത്തു ചാടിയ ആത്മഹത്യ ചെയ്ത നടക്കുതാഴെ സ്വദേശികളായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ റീമയുടെ സംസ്കാരം സമുദായ ശ്മശാനത്തിൽ നടന്നിരുന്നു.
അന്നേ ദിവസം വൈകുന്നേരം 3.45നാണ് മകൻ കൃഷീവ് രാജിന്റെ മൃതദേഹം പുഴയിലെ കണ്ടൽക്കാടു കൾക്കിടയിൽനിന്ന് കണ്ടെടുക്കുന്നത്. ഇന്നലെ രാവിലെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വെങ്ങര നടക്കുതാഴെയുള്ള വീട്ടിലെത്തിച്ച് പൊതുദർശന ത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നോടെ നടക്കുതാഴെ സമുദായ സ്മശാനത്തിൽത്തെന്നെ മകനേയും സംസ്കരിച്ചു. നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയത്. ഇരിണാവ് സ്വദേശി കമൽ രാജാണ് കൃഷീവിന്റെ അച്ഛൻ.