അങ്കണവാടി വര്‍ക്കറെ സ്ഥലം മാറ്റി പ്രതിഷേധവുമായി രക്ഷിതാക്കള്‍
1578332
Thursday, July 24, 2025 12:51 AM IST
മഞ്ഞളാംപുറം: അങ്കണവാടി സ്ഥിരം വര്‍ക്കറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍. മഞ്ഞളാംപുറത്തെ 29-ാം നമ്പര്‍ അങ്കണവാടി വര്‍ക്കര്‍ വി.കെ. സുനിജയെ സ്ഥലം മാറ്റിയതിനെതി രേയാണ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി അങ്കണവാടിയിൽ എത്തിയത്. അച്ചടക്ക നടപടിയുടെ ഭാഗമായിയാണ് സ്ഥലം മാറ്റിയതെന്നാണ് പേരാവൂര്‍ ശിശു വികസന പദ്ധതി ഓഫീസറുടെ ഉത്തരവില്‍ പറയുന്നത്. 119 -ാം നമ്പര്‍ നാനാനിപൊയില്‍ അങ്കണവാടിയിലെ സ്ഥിരം വര്‍ക്കര്‍ പി.പി ജോളിക്ക് മഞ്ഞളാംപുറം അങ്കണവാടിയുടെ അധിക ചുമതലകൂടി നല്‍കിയതായും ഉത്തരവില്‍ പറയുന്നു.
ചുമതല ഏല്ക്കാന് വന്ന ജോളിയെ രക്ഷിതാക്കള്‍ തടഞ്ഞു. സംഭവം അറിഞ്ഞ് എസ്ഐ വര്‍ഗീസ് തോമസിന്റെ നേതൃത്വത്തിലുളള പോലീസും സ്ഥലത്ത് എത്തി. തുടര്‍ന്ന് അധിക ചുമതല നല്‍കികൊണ്ടുളള ഉത്തരവ് ജോളി പോലീസിന് കൈമാറുകയും അങ്കണവാടിയുടെ ചുമതല ഏറ്റെടുക്കുകുയും ചെയ്തു.
കുട്ടികളുമായി അടുത്ത ഇടപഴകിയ വര്‍ക്കറെ മാറ്റി പുതിയ വര്‍ക്കര്‍ വരുമ്പോള്‍ കുട്ടികള്‍ അവരുമായി ചേര്‍ന്ന് പോകാന്‍ കാലതാമസം വരുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്ഥലം മാറ്റിയ വര്‍ക്കര്‍ നല്ല നിലയില്‍ പ്രവൃത്തിച്ചിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. സ്ഥലം മാറ്റ നടപടി പിന്‍വലിച്ചില്ലെങ്കില്‍ കുട്ടികളെ അങ്കണവാടിയില്‍ നിന്ന് മാറ്റുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.