കാർത്തികപുരം ഗവ. സ്കൂളിലെ അപകടഭീഷണി; മഴ മാറിയാൽ ഉടൻ പണി
1578339
Thursday, July 24, 2025 12:51 AM IST
കാർത്തികപുരം: മഴ തീർന്നാൽ ഉടൻ തന്നെ കാർത്തികപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇടിഞ്ഞ മുറ്റത്തിന്റെ അറ്റകുറ്റപ്പണി നടത്തുമെന്ന് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റും കരാറുകാരനും. സ്കൂൾമുറ്റം ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഒരു വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതും വിദ്യാർഥികൾക്ക് അപകടഭീഷണി സൃഷ്ടിക്കുന്നതായും കാണിച്ച് ദീപികയിൽ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ദീപിക വാർത്തയെ തുടർന്നാണ് ഉത്തരവാദിത്വപ്പെട്ടവർ നടപടികളിലേക്ക് നീങ്ങി തുടങ്ങിയത്.
ജില്ലാ പഞ്ചായത്തിനാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളുടെ ഭരണചുമതലയെന്ന് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ദീപികയോട് പറഞ്ഞു. മുറ്റം ഇടിഞ്ഞതുമായി ബന്ധപ്പെട്ട കാര്യം കമ്മിറ്റി പരിശോധിച്ച് 90 ലക്ഷം ചെലവ് വരുമെന്ന് കണ്ടെത്തിയിരുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് തൊട്ടടുത്ത വർഷത്തേക്കുള്ള പദ്ധതി തയാറാക്കുന്നത്.
അതിൽ ഉൾപ്പെടുത്തി 2025 മാർച്ചോടുകൂടി പദ്ധതി തയാറാക്കി ടെൻഡർ ചെയ്തുകൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരെ കാര്യങ്ങൾ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ ഉദ്യോഗസ്ഥന്മാരോടൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു.
ഏപ്രിൽ-മേയ് മാസങ്ങളിൽ ആവശ്യമായ പ്രവർത്തനം ചെയ്യാൻ കഴിയാതെ പോയത് മഴ നേരത്തെ ആരംഭിച്ചതുകൊണ്ടാണ്. കൂടാതെ പൊളിഞ്ഞു വീണ കല്ലുകൾ റോഡിൽ നിന്ന് നീക്കം ചെയ്താൽ ബാക്കിയുള്ള ഭാഗം കൂടി ഇടിഞ്ഞ് സ്കൂൾ കെട്ടിടത്തിന് വലിയ അപകട സാധ്യത ഉണ്ടെന്ന് സാങ്കേതികവിദഗ്ധർ അറിയിച്ചിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇപ്പോൾ ഇടിഞ്ഞു കിടക്കുന്ന കെട്ടിന്റെ ഏഴ് മീറ്റർ വീതിയുള്ള സ്കൂൾ മുറ്റത്തിന് അഞ്ചുമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യേണ്ടതുണ്ടെന്നും ഈ മഴയത്ത് പണി തുടർന്നാൽ അവശേഷിക്കുന്ന രണ്ടുമീറ്റർ മാത്രം അകലെ നിൽക്കുന്ന സ്കൂൾ കെട്ടിടത്തിന് കൂടുതൽ അപകട ഭീഷണിക്ക് കാരണമാകുമെന്നും കരാറുകാരൻ വിജേഷ് ആന്റണി പറഞ്ഞു.
നിലവിലെ സ്കൂൾ കെട്ടിടത്തിന് അധിക താഴ്ചയിൽ ഫൗണ്ടേഷൻ ഇല്ലാത്തതാണ്. ഈ മഴയത്ത് പണിയെടുത്താൽ ബിൽഡിംഗ് അടക്കം താഴോട്ട് വീഴാൻ സാധ്യതയുണ്ടെന്നും വിജേഷ് പറഞ്ഞു. സ്കൂൾ പിടിഎയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും കരാറുകാരും ചേർന്ന് യോഗത്തിൽ എടുത്ത തീരുമാനപ്രകാരം കൂടുതൽ അപകടം ഉണ്ടാകാതിരിക്കാനുള്ള പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. സ്കൂൾ മുറ്റത്തേക്ക് ഒഴുകിവരുന്ന വെള്ളം തിരിച്ചുവിട്ടും.
വെള്ളം ഇറങ്ങാതിരിക്കാൻ മുറ്റം മുഴുവൻ പ്ലാസ്റ്റിക്കിട്ട് പൊക്കിയിരുന്നു. കുട്ടികൾ സ്കൂളിലേക്ക് പ്രവേശിച്ചിരുന്ന പ്രധാന കവാടം ഒഴിവാക്കി വേറെ പ്രവേശന മാർഗം ഒരുക്കി കൊടുത്ത് അതിലൂടെയാണ് കുട്ടികൾ ഇപ്പോൾ സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്. മഴ മാറിയാൽ ഉടൻ തന്നെ നിർമാണ പ്രവൃത്തി ആരംഭിക്കാനാണ് ഉദേശിക്കുന്നതെന്നും വിജേഷ് പറഞ്ഞു.
സർക്കാരിന്റെ വീഴ്ച
അടിയന്തരമായി നടക്കേണ്ട നിർമാണ പ്രവൃത്തി നടത്താൻ ഫണ്ടില്ലാതെ വരുന്നത് സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. 2024 ജൂൺ 23 നാണ് മുറ്റവും കെട്ടും ഇടിയുന്നത്. 2025 മേയ് ഒന്നിനാണ് ഇതിന്റെ സൈറ്റ് പ്ലാൻ അടക്കം എല്ലാ അനുമതിയും കൊടുക്കുന്നത്. അതിനുശേഷം മിക്ക ദിവസവും മഴയായിരുന്നു. 55 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യേണ്ട സ്ഥലത്ത് മഴപെയ്തതോടെയാണ് നിർമ്മാണ പ്രവർത്തി നടക്കാതെ പോയത്. മഴ കുറയുന്ന സമയത്ത് തന്നെ അടിയന്തരമായി പണി ആരംഭിക്കും എന്നാണ് കരാറുകാരനും സാങ്കേതികവിഭാഗവും അറിയിച്ചിട്ടുള്ളത്. കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ല .
ടി.സി. പ്രിയ
(ജില്ലാ പഞ്ചായത്തംഗം)
പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്നത്
രാഷ്ട്രീയ പ്രേരിതം
പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള നീക്കം രാഷ്ട്രീയ പ്രേരിതം മാത്രമാണ്. കെട്ടിടം ഇടിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും സ്ഥലം എംപിയും എംഎൽഎയും സംഭവസ്ഥലം സന്ദർശിക്കാത്തത് കുട്ടികളോടും രക്ഷിതാക്കളോടുമുള്ള വഞ്ചനയാണ്. കെട്ട് ഇടിഞ്ഞതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ റോൾ പ്രാദേശികമായി നടക്കുന്ന കാര്യമെന്ന നിലയിൽ ബന്ധപ്പെട്ട സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയിൽ പെടുത്തുക എന്ന ചുമതലയും ഉത്തരവാദിത്വവുമാണുള്ളത്. അത് കൃത്യമായി യഥാസമയം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
കെ.എസ്.ചന്ദ്രശേഖരൻ
(പഞ്ചായത്ത് പ്രസിഡന്റ്,
ഉദയഗിരി)
ഫണ്ടില്ല; ടെൻഡർ നീണ്ടുപോയി
കെട്ട് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പണം അനുവദിച്ച ശേഷവും പണി നടക്കാതെ വന്നപ്പോൾ സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് എൻജിനിയറെ സമീപിച്ചു. അപ്പോൾ മനസിലായത് ടെൻഡറിംഗ് പ്രോസസിംഗ് നീണ്ട് പോയതാണ് ഇത്രയും ഗുരുതരമായ വീഴ്ചയ്ക്ക് കാരണമായതെന്നാണ്. പണം അനുവദിച്ച് നേരത്തെ ഉത്തരവ് ഇറങ്ങിയെങ്കിലും ഫണ്ട് ഇല്ലാത്തത് മൂലമാണ് ടെൻഡർ നീണ്ടുപോയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികളുടെ സുരക്ഷിതത്വമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
എ.പി. രാജേഷ് (പിടിഎ പ്രസിഡന്റ്)