പരിശോധന ശക്തമാക്കി മോട്ടോർ വാഹനവകുപ്പ്
1578630
Friday, July 25, 2025 1:48 AM IST
സ്വന്തം ലേഖിക
കണ്ണൂർ: ജില്ലയിൽ ബസുകളുടെ അമിത വേഗത്തിന് കടിഞ്ഞാണിടാൻ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ബസുകളുടെ അമിത വേഗതയിൽ അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയെന്ന് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ ബിനോദ് കൃഷ്ണൻ ദീപികയോട് പറഞ്ഞു. താലൂക്ക് അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഇതിനുള്ള നിർദേശം നല്കി കഴിഞ്ഞു. ബസുകളുടെ ഫിറ്റ്നസ് അടക്കം പരിശോധിക്കുന്നുണ്ട്. പല ബസുകളിലും വേഗപൂട്ട് മാറ്റിയ അവസ്ഥയിലാണ്. അവർക്കെതിരേ കർശന നടപടിയെടുക്കും. വർഷാവർഷം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തണമെന്ന് നിർദേശമുണ്ടെങ്കിലും പല ബസുകളും ഇതു ചെയ്യാറില്ലെന്നും എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.
മരണപ്പാച്ചിലിൽ
അപകടങ്ങൾ കൂടുന്നു
ബസുകളുടെ അമിത വേഗതയിൽ ഒരുമാസത്തിനിടെ നിരവധി ജീവനുകളാണ് കണ്ണൂരിൽ പൊലിഞ്ഞത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം താണ കണ്ണോത്തുംചാലിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19) മരിച്ചിരുന്നു.
ഈ അപകടം നടന്ന് രണ്ടുദിവസം പിന്നിട്ടപ്പോൾ ചാലയിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പെരിങ്ങോത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബസിടിച്ചും യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. സമയക്രമം പാലിക്കാനായി ബസുകൾ തമ്മിലുള്ള മരണപ്പാച്ചിലിൽ നിയന്ത്രണം വിട്ടാണ് പല അപകടങ്ങളും നടക്കുന്നത്.
ബസിടിച്ച് നിരവധി കാൽനടയാത്രക്കാരുടെ ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. അപകടങ്ങളിൽ ഗുരുതര പരിക്കേറ്റ് നിരവധിപേർ ചികിത്സയിലുമുണ്ട്. തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുമ്പോഴും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാർ തയാറാവുന്നില്ലെന്ന ആരോപണവുമുണ്ട്.
പ്രധാന വില്ലൻ
അമിതവേഗത
ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നത്. ബസുകളുടെ ചീറിപ്പാച്ചിലുകളിലാണ് അപകടങ്ങൾ കൂടുതലും നടക്കുന്നത്. 70 മീറ്റർ വേഗതയിൽ വളവുകളിലും മറ്റും പോയാൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
റോഡപകടങ്ങളിൽപ്പെട്ട് മരിക്കുന്നവരിൽ 80 ശതമാനത്തോളം പേർ ചെറുപ്പക്കാരാണെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ 18നും 30നും വയസിനും ഇടയിലുള്ളവരാണ്. ഇതിൽ സ്ത്രീകളും ഉൾപെടും. അമ്പത് വയസിന് മുകളിലുള്ളവർ 20 ശതമാനത്തോളമാണ് മരണപെടുന്നത്. രാത്രി വൈകിയുള്ള യാത്രയും വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് കാരണമാകുന്നത്. കൂടാതെ വലിയ വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചും അപകടങ്ങൾ കൂടിവരുന്നുണ്ട്.
ശ്രദ്ധിച്ചാൽ,
ഒഴിവാക്കാം അപകടം
റോഡപകടങ്ങൾക്ക് പ്രധാന കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. കൂടാതെ റോഡുകളുടെ ഘടന, ഗതാഗത സംവിധാനത്തിലെ പാളിച്ച എന്നിവയും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
മാനുഷിക പിഴവ് ഒഴിവാക്കാനുള്ള ഏകവഴി പഴുതടച്ചുള്ള നിയമം നടപ്പാക്കലാണ്. റോഡിൽ പോലീസ്, മോട്ടോർവാഹനവകുപ്പ് എന്നിവയുടെ പട്രോളിംഗിലുടെ അപകടങ്ങൾ കുറയ്ക്കാനാകും.
മുന്നിലും പിന്നിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം മറ്റു വാഹനങ്ങളെ മറികടക്കുക.
റോഡ് വ്യക്തമായി കാണാന് കഴിയുന്നുണ്ടെങ്കിൽ മാത്രം ഓവർടേക്ക് ചെയ്യുക.
വളവുകൾ, തിരിവുകൾ, നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ തുടങ്ങിയ ഇടങ്ങളിൽ ഓവർ ടേക്കിംഗ് നടത്താതിരിക്കുക.
മുന്നിലുള്ള വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്ടേക്ക് ചെയ്യുക.
ഒരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്പോൾ മറ്റേ വാഹനം വേഗത കുറച്ച് ഇടത് വശത്തേക്ക് ചേർത്ത് ഓവർ ടേക്ക് ചെയ്യുന്ന വാഹനത്തിന് കടന്നുപോകാനുള്ള സാഹചര്യം ഒരുക്കുക.
കയറ്റത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്.