ഒരു വാർഡിൽ 250 വോട്ടർമാർ; സമീപ വാർഡിൽ 1913 !
1578628
Friday, July 25, 2025 1:48 AM IST
ഇരിട്ടി: പഞ്ചായത്തിലെ ആകെ വോട്ടർമാരുടെ ശരാശരി കണക്കാക്കി വാർഡുകളുടെ എണ്ണം നിശ്ചയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശമെങ്കിലും പട്ടിക പുറത്തുവന്നതോടെ ആറളത്തെ മാജിക് പുറത്തായി. പുതിയ വാർഡ് വിഭജനവും കരട് വോട്ടർപട്ടികയും പ്രസിദ്ധപ്പെടുത്തിയപ്പോഴുണ്ടായ അപാകതകൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും. പഞ്ചായത്തിൽ 52 വീടുകൾക്കായി 250 വോട്ടർമാരുമായി പുതിയ വാർഡ് രൂപം കൊണ്ടപ്പോൾ സമീപത്തെ മറ്റൊരു വാർഡിൽ 1913 വോട്ടർമാരാണുള്ളത്.
പഞ്ചായത്തിലെ ജനസംഖ്യയനുസരിച്ച് ഒരു വാർഡിൽ ശരാശരി ആയിരത്തിനും 1200നും ഇടയിൽ വോട്ടർമാരാണ് ഉണ്ടാകേണ്ടത്. നിലവിൽ ആറളത്തെ 17 വാർഡുകൾ വിഭജിച്ചാണ് 19 വാർഡുകളായി മാറ്റിയത്. ബൂത്തുകളുടെ ക്രമീകരണത്തിലും വലിയ അശാസ്ത്രീയതയാണ് ഉണ്ടായിരിക്കുന്നത്. ഒരു വാർഡിലെ രണ്ടു ബൂത്തുകളിൽ ഒന്നാം ബൂത്തിൽ 1253 വോട്ടർമാർ ഉള്ളപ്പോൾ അതേ വാർഡിലെ രണ്ടാം ബൂത്തിൽ വെറും 250 വോട്ടർമാരാണുള്ളത്. ഇതോടൊപ്പം കുറെ വീടുകളെ നാലു കിലോമീറ്റർ അപ്പുറമുള്ള വാർഡിലേക്ക് മാറ്റിച്ചേർത്തു.
പുതുതായി രൂപംകൊണ്ട കോട്ടപ്പാറ വാർഡിലെ 52 വീടുകളിലാണ് 250 വോട്ടർമാരുള്ളത്. തൊട്ടടുത്ത ചതിരൂർ വാർഡിൽ 1913 വോട്ടർമാരും. ഇതേ വാർഡിനോട് അതിർത്തി പങ്കിടുന്ന കീഴ്പള്ളി വാർഡിൽ 1503 വോട്ടർമാരുമുണ്ട്. കോട്ടപ്പാറ വാർഡിൽ വരേണ്ട 130 വീടുകളിലെ 530 വോട്ടർമാരെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ മറ്റ് വാർഡുകളിലേക്ക് കുത്തി നിറച്ചതായും ആരോപണമുണ്ട്. പഞ്ചായത്തിലെ ഒന്ന്, രണ്ട്, 15 വാർഡുകളിലും ഇതേനിലയാണ് സംഭവിച്ചിരിക്കുന്നത്. ബൂത്ത് ക്രമീകരണത്തിനും അശാസ്ത്രീയത വ്യക്തമാകുന്നു.
പത്തൊമ്പതാം വാർഡിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളരിവയൽ സ്കൂളിൽ സ്ഥാപിക്കേണ്ട ബൂത്ത് കൂട്ടക്കുളം അങ്കണവാടിയിലേക്കാണ് മാറ്റിയത്. ഇത് ഒറ്റ മുറിയുള്ള സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടമാണ്. പഞ്ചായത്തിലെ ഒന്നാം വാർഡിലെ താമസക്കാരായ നൂറിലധികം വോട്ടർമാരെ നാലു കിലോമീറ്റർ അപ്പുറമുള്ള ഉരുപ്പുകുണ്ട് വാർഡിലേക്കാണ് മാറ്റിയത്. കുണ്ടുമാങ്ങോട്, ചതിരൂർ, വിയറ്റ്നാം , കീഴ്പള്ളി വാർഡുകളിലും കിലോമീറ്റർ അകലെ നിന്നാണ് വോട്ടർമാർ എത്തണ്ടത്. അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരേ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ.