വിദ്യാഭ്യാസം പുതിയ ആശയങ്ങൾക്ക് വഴിയൊരുക്കണം: വി.കെ. സുരേഷ് ബാബു
1578868
Saturday, July 26, 2025 1:24 AM IST
കൂത്തുപറമ്പ്: വിദ്യാഭ്യാസം നടന്ന വഴിയേ നടക്കാനുള്ള പരിശീലനമാകരുതെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു. അളവറ്റ പൈതൃക വിജ്ഞാനമുണ്ടായിട്ടും ഇന്ത്യ കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ പിന്നിലാകാൻ കാരണം ജ്ഞാനം നേടുന്നതിനപ്പുറമുള്ള അന്വേഷണത്വരയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നിർമലഗിരി കോളജിൽ സ്റ്റാഫ് അസോസിയേഷനും യുവകലാസാഹിതിയും സംഘടിപ്പിച്ച മുൻ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ടി.പി. സുകുമാരന്റെ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുരേഷ് ബാബു.
നാടകം, ചിത്രകല, മൃദംഗ വാദനം, നിരൂപണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച ടി.പി. സുകുമാരനെ അക്കാദമിക ലോകം വേണ്ടത്ര തിരിച്ചറിഞ്ഞില്ലെന്നും സുരേഷ് ബാബു പറഞ്ഞു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെലിൻ മാത്യു അധ്യക്ഷത വഹിച്ചു. ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് പ്രഭാഷണം നടത്തി. ഡോ. ദീപ മോൾ മാത്യു, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, ജിതേഷ് കണ്ണപുരം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോ. ടി.പി. സുകുമാരൻ രചിച്ച് ടി. പവിത്രൻ സംവിധാനം ചെയ്ത ആയഞ്ചേരി വല്യശ് മാനൻ നാടകം അരങ്ങേറി.