ചെക്ക്ഡാമിന് ചെക്ക് വച്ചു നാട്ടുകാർ
1581284
Monday, August 4, 2025 10:19 PM IST
കരൂര്‍: പാലാ മുനിസിപ്പാലിറ്റിയിലെ കൊണ്ടാട്ട് കടവ് ചെക്ക്ഡാമിന്റെ ഷട്ടറുകള്‍ മഴക്കലമായിട്ടും തുറക്കാത്തതിനാല്‍ ജില്ലയില്‍ ആദ്യം വെള്ളം കയറുന്ന പ്രദേശമായി കരൂര്‍ പള്ളി ഭാഗം.
കനത്ത മഴ പെയ്തിട്ടും മീനച്ചലാറും മറ്റു കൈവഴികളും കരകവിഞ്ഞില്ല. എന്നാല്‍, മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോടിന്റെ കരൂര്‍ ഭാഗത്തു വെള്ളം കയറി. മഴക്കാലത്തിന് മുമ്പ് ഇതിനു താഴെയുള്ള ചെക്ക്ഡാം തുറന്നു വിടാത്തതാണ് കാരണമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
അധികൃതർ
അറിയുന്നില്ലേ?
മുനിസിപ്പല്‍ അധികൃതരുടെ അനാന്ഥയാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ പാലായില്‍നിന്നു നിലന്പൂരിലേക്കു പോവുകയായിരുന്ന ബസ് കരൂര്‍ ഭാഗത്ത് റോഡില്‍ കയറിയ വെള്ളത്തില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു ബസ് തള്ളിക്കയറ്റിയതിനാലാണ് അപകടം ഒഴിവായത്.
ഈ പ്രദേശത്തു വെള്ളംകയറ്റം സ്ഥിരമായതിനാല്‍ അപകടങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. മീനിച്ചിലാറിന്റെ സമീപപ്രദേശങ്ങളിലൊന്നും വെള്ളം കയറാത്ത സാഹചര്യത്തില്‍ ഇവിടെ മാത്രം വെള്ളം കയറുന്നതു തൊട്ടുതാഴെയുള്ള ചെക്ക്ഡാം തുറന്നുവിടാത്തതിലാണെന്നു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.