ആനക്കല്ല് സെന്റ് ആന്റണീസിൽ ടെക് ടോക്ക് പരമ്പരയ്ക്കു തുടക്കം
1581294
Monday, August 4, 2025 11:24 PM IST
കാഞ്ഞിരപ്പള്ളി: സാങ്കേതികവിദ്യകളിലെ പുത്തന്സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍ ടെക് ടോക്ക് പരമ്പരയ്ക്കു തുടക്കംകുറിച്ചു.
സ്കൂൾ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രമുഖ വ്യക്തികള്‍ നയിക്കുന്ന പ്രഭാഷണ പരമ്പര.
എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. നാനോ വൈപ്, ജീന്‍ എഡിറ്റിംഗ്, കെമിക്കല്‍ എന്‍ജിനിയറിംഗ്, എയ്റോ സ്പേസ്, മെഡിക്കല്‍ സയന്‍സ് എന്നീ മേഖലകളില്‍ നാനോ ടെക്നോളജിയുടെ പ്രാധാന്യംമൂലം ലോകത്തിന് വന്ന മാറ്റങ്ങള്‍, ലോകത്തിന്റെ സമ്പദ്വ്യവസ്ഥയില് നാനോ ടെക്നോളജിയുടെ പങ്ക് തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ഥികളെ ബോധവത്കരിച്ചു.
സമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളില്‍ ശാസ്ത്രീയാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.