നവീകരിച്ച കോട്ടയം ശലഭോദ്യാനം സന്ദർശകർക്കായി തുറന്നു
1581436
Tuesday, August 5, 2025 6:41 AM IST
കോട്ടയം: നഗരമധ്യത്തില്‍ ആദ്യത്തെയും കേരളത്തില്‍ ഭരണസിരാകേന്ദ്രത്തില്‍ ആദ്യത്തേതുമായി നവീകരിച്ച കോട്ടയം ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജോണ്‍ സാമുവല്‍ നിര്‍വഹിച്ചു.
2006 - ലാണ് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ്, അന്നത്തെ കളക്ടറിന്റെ നിര്‍ദേശ പ്രകാരം, തിരക്കേറിയ നഗരമധ്യത്തില്‍ ശലഭോദ്യാനം നിര്‍മിച്ചത്. സന്ദര്‍ശകര്‍ക്ക് പ്രകൃതിയിലേക്കുള്ള അറിവിന്റെ ജാലകംകൂടിയാണ് ശലഭോദ്യാനമെന്ന് ടൈസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത് പറഞ്ഞു.
നഗരത്തിലെ സ്കൂളുകളുടെ പങ്കാളിത്തതോടെ ടൈസാണ് പരിപാലനവും പുനരുദ്ധാരണവും നടത്തുന്നത്. ചിത്രശലഭങ്ങളെ ഉദ്യാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനാവശ്യമായ രണ്ടിനം ചെടികളാണ് ഉദ്യാനത്തില്‍ വളര്‍ത്തുന്നത്.
ചിത്രശലഭങ്ങള്‍ക്ക് മുട്ടയിടാനും പുഴുക്കള്‍ക്ക് ഇല തിന്നാനും ഉപകരിക്കുന്ന ആതിഥേയ ചെടികളായ അരളി, കറിവേപ്പ്, കറുവ ഇവയൊക്കെ ഈ ഗണത്തില്‍പ്പെടും. സമാധിയില്‍നിന്നു പുറത്ത് വരുന്ന ശലഭത്തിന് തേന്‍ കുടിക്കാന്‍ പറ്റുന്ന ചെത്തി, കുഫിയാ, കിലുക്കി ഇവയും ഉദ്യാനത്തിലുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ടൈസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത് അധ്യക്ഷത വഹിച്ചു. എഡിഎം ശ്രീജിത്, കോര്‍ട്ട് മാനേജര്‍ ഹരി നമ്പൂതിരി, ഫാ. കെ.എം. ജോര്‍ജ്, സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുമിനാമോള്‍ കെ. ജോണ്‍, ശലഭോദ്യാനം കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് വര്‍ഗീസ്, ടൈസ് നേച്ചര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ എന്‍.ബി. ശരത് ബാബു, അനൂപ മാത്യൂസ്, പി.പി. ജിജോമോന് എന്നിവര്‍ പങ്കെടുത്തു.