കുറുന്തുറപ്പുഴയിലെ നീരൊഴുക്കു നിലച്ചു; ജനജീവിതം ദുരിതപൂർണം
1581425
Tuesday, August 5, 2025 6:40 AM IST
തലയോലപ്പറമ്പ്: നാടിനെ ഹരിതാഭമാക്കി കുളങ്ങളിലും കിണറുകളിലും കുളിർജലം നിറച്ച് ഒഴുകിയിരുന്ന കുറുന്തുറപ്പുഴ മാലിന്യം നിറഞ്ഞ് നീരൊഴുക്കു നിലച്ചതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാകുന്നു. കെവി കനാലിൽനിന്നാരംഭിച്ച് തലയോലപ്പറമ്പിന്റെ പടിഞ്ഞാറൻ മേഖലയായ കോരിക്കൽ ഭാഗത്തുകൂടി ഒഴുകി കെവി കനാലിൽത്തന്നെ സംഗമിക്കുന്ന കുറുന്തുറപ്പുഴയ്ക്കു മൂന്നു കിലോമീറ്ററോളം ദൈർഘ്യം വരും.
45വർഷങ്ങൾക്കു മുമ്പ് പടിഞ്ഞാറൻ മേഖലയിൽനിന്ന് തലയോലപ്പറമ്പ് ചന്തയിലേക്കു കേവുവള്ളങ്ങളിൽ ആളുകൾ സാധനങ്ങളുമായി കുറുന്തുറപ്പുഴയിലൂടെ വരുമായിരുന്നു. മൂവാറ്റുപുഴയാറിലെ ജലനിരപ്പു കെവി കനാലിലേതിനേക്കാൾ താണതോടെ കെവി കനാലിലെ നീരൊഴുക്കു കുറഞ്ഞു. കെവി കനാലുമായി ബന്ധപ്പെട്ട് ഒഴുകുന്ന കുറുന്തുറപ്പുഴയുടെ ശനിദശ അവിടെനിന്നാണ് ആരംഭിച്ചത്.
ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞ് കരമാർഗം ഗതാഗതം വർധിച്ചതോടെ കെആർ ഓഡിറ്റോറിയത്തിനു സമീപം കുറുന്തുറപ്പുഴയ്ക്കു കുറുകെ ഇടുങ്ങിയ പാലം തീർത്തതോടെ കുറുന്തുറുപ്പുഴയുടെ നേരിയ നീരൊഴുക്കിനും തടസം നേരിട്ടു. ഈ പാലത്തിനു താഴെ വൻതോതിൽ ചെളിയും മണ്ണും മാലിന്യങ്ങളും തിങ്ങിയതോടെ പുഴ വെറും വെളളക്കെട്ടായി.
കഴിഞ്ഞ 20 വർഷത്തിനിടയിൽ കുറുന്തുപ്പുഴയെ ഒഴുക്കാൻ സർക്കാർ വിനിയോഗിച്ചത് കോടികളാണ്. പുഴയിലെ മാലിന്യം മുട്ടു തീർത്ത് വെള്ളം വറ്റിച്ച് ആഴത്തിൽ കോരിനീക്കാതെയുള്ള വഴിപാടു ശുചീകരണങ്ങൾ പൊതുപണം പാഴാക്കാനെ ഉപകരിച്ചുള്ളൂ. ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ഹിറ്റാച്ചി ഉപയോഗിച്ച് ആഴം കൂട്ടാൻ ശ്രമം നടത്തിയെങ്കിലും മാലിന്യങ്ങൾ പരമാവധി നീക്കാത്തതിനാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൂർവാധികം ശക്തിയായി കനത്തിൽ പുല്ലും പോളവയലും വളർന്നു തിങ്ങി.
പുഴയുടെ ഇരുകരകളിലായി എൺപതോളം കുടുംബങ്ങളുണ്ട്. മുമ്പ് കുളിക്കുകയും അലക്കുകയും ചെയ്തിരുന്ന പുഴയിലിപ്പോൾ ഇറങ്ങിയാൽ ദേഹം ചൊറിഞ്ഞു തടിക്കും. മലിനീകരണം മൂലം കൊതുകുശല്യവുമേറി. പുഴയിൽ മാലിന്യം നിറഞ്ഞതോടെ സമീപവാസികളുടെ കുളവും കിണറും ഇടതോടുകളും മലിനമായി. തലയോലപ്പറന്പിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന കുറുന്തുറപ്പുഴയെ വീണ്ടെടുക്കാൻ സമഗ്രമായ പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.