നാനോ ടെക്നോളജി കാൻസർ ചികിത്സയിൽ വിപ്ലവമുണ്ടാക്കും: ഡോ. സാബു തോമസ്
1581296
Monday, August 4, 2025 11:24 PM IST
പെരുവന്താനം: നാനോ ടെക്നോളജിയും അതിന്റെ അനന്തസാധ്യതകളും ഗവേഷണഫലങ്ങളും മാനവരാശിക്ക് പ്രയോജനകരമെന്ന് എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പുതുതായി ആരംഭിക്കുന്ന റോബോട്ടിക് ലാബിന്റെയും വിആര്‍ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാനോ ടെക്നോളജിയുടെ ഗവേഷണ ഫലങ്ങൾ അന്താരാഷ്ട്രതലത്തിൽ കൃഷിക്കും ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രതിരോധ മേഖലകൾക്കും ഏറെ പ്രയോജനം ചെയ്യുമെന്നും കാൻസർ പോലുള്ള മാരകരോഗങ്ങളെ ഫലപ്രദമായി ചികിത്സിക്കുന്നതിന് നാനോ മോഡ്യൂൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നതോടെ ചെലവുകുറഞ്ഞ കൃത്യതയുള്ള ചികിത്സ നേടിയെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ തിരുവനന്തപുരം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കിന്റെ സാറ്റലൈറ്റ് സെന്ററും പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ അനുവദിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപര്‍ണ രാജു, പി.ആര്. രതീഷ്, ബോബി കെ. മാത്യു, വകുപ്പ് മേധാവി ജിന്റുമോള്‍ ജോൺ, ജിനു തോമസ്, ഫാ. ജോസഫ് വഴപ്പനാടി എന്നിവർ പ്രസംഗിച്ചു.
ഗവൺമെന്റ് ഓഫ് ഇന്ത്യ സ്റ്റെഡ് കൗൺസിലുമായി ചേർന്ന് റോബോട്ടിക് സയന്‍സില്‍ ഹ്രസ്വകാല കോഴ്സുകളും ആരംഭിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്ക് പുറമേ 26 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ പ്രോഗ്രാമില്‍ പങ്കെടുക്കുകയും ഡോ. സാബു തോമസുമായി സംവാദം നടത്തി.